ചന്ദ്രയാന്‍-2; ഇനി വിക്രം ലാന്‍ഡറില്ല, പ്രവര്‍ത്തന കാലാവധി അവസാനിച്ചു

ലാന്ഡര് ഇറങ്ങിയിരിക്കുന്നത് സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന പ്രദേശത്താണ്. ഇതുമൂലം ലാന്ഡറിന്റെ സോളാര് പാനലുകളില് നിന്ന് ബാറ്ററികള് ചാര്ജ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.
 

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍-2 വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ക്രാഷ് ലാന്‍ഡ് ചെയ്ത വിക്രം ലാന്‍ഡറുമായി ആശയവിനിമയം നേരത്തെ നഷ്ടമായിരുന്നു. ഇത് പുനഃസ്ഥാപിക്കാന്‍ പരമാവധി ശ്രമം ഇസ്രോ നടത്തിയെങ്കിലും ഫലം കണ്ടില്ല. 14 ദിവസം മാത്രമായിരുന്നു ലാന്‍ഡറിന്റെ ആയുസ്.

നേരത്തെ നാസയും ലാന്‍ഡറുമായി ആശയവിനിമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചിരുന്നു. പക്ഷേ നാസയുടെ ലൂണാര്‍ ഓര്‍ബിറ്ററായ റിക്കോനസന്‍സ് പേടകത്തിന്റെ ക്യാമറയിലും വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരന്തരം സിഗ്‌നലുകള്‍ അയച്ചിട്ടും ലാന്‍ഡറില്‍ നിന്ന് പ്രതികരണങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകും എന്ന പ്രതീക്ഷ ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടമായതെന്ന് ഇസ്രോ പരിശോധിക്കും.

ലാന്‍ഡര്‍ ഇറങ്ങിയിരിക്കുന്നത് സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന പ്രദേശത്താണ്. ഇതുമൂലം ലാന്‍ഡറിന്റെ സോളാര്‍ പാനലുകളില്‍ നിന്ന് ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ലാന്‍ഡിംഗിന് മിനിറ്റുകള്‍ മുന്‍പ് ലാന്‍ഡറുമായുള്ള ബന്ധം ഇസ്രോയ്ക്ക് നഷ്ടമായി. ഇതോടെ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറിയ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം ലാന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമമാണ്. ഏഴ് വര്‍ഷം വരെ പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും. ചന്ദ്രയാന്‍-2വിന്റെ 95 ശതമാനം പരീക്ഷണങ്ങളും ഓര്‍ബിറ്ററായിരിക്കും നടത്തുകയെന്നാണ് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ഒരു വര്‍ഷക്കാലം ചന്ദ്രന്റെ ചിത്രങ്ങള്‍ എടുത്ത് ഐഎസ്ആര്‍ഒയിലേക്ക് അയക്കാന്‍ ഓര്‍ബിറ്ററിന് കഴിയും.