ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരം; സര്‍ക്കാര്‍ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം സര്ക്കാര് അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി.
 

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം സര്‍ക്കാര്‍ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലേഖനത്തിലെ ഉള്ളടക്കം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ചായിരുന്നു ടോം ജോസിന്റെ ലേഖനം.

കേസില്‍ നടക്കുന്ന അന്വേഷണത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ശൂന്യവേളയില്‍ ലേഖനത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ലേഖനം അനുചിതമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഇന്നലെ ഈ വിഷയം സഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ലേഖനം താന്‍ വായിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് വീണ്ടും ഇതേ വിഷയം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. ലേഖനം എഴുതുന്നതിന് ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറിക്ക് ഇത്തരമൊരു ലേഖനമെഴുതാന്‍ അനുമതിയുടെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.