പ്രവാസികളെ വെട്ടിലാക്കുന്ന പ്രസ്താവന; കുവൈറ്റ് വനിതാ എംപിക്ക് വധഭീഷണി

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ വനിതാ പാര്‍ലമന്റ് അംഗത്തിന് വധഭീഷണി. ഇ-മെയില്‍ വഴിയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എം.പി സഫാ അല്‍ ഹാഷിം വ്യക്തമാക്കി. സംഭവത്തില്‍ കുവൈറ്റ് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

കുവൈറ്റിലെ പ്രവാസികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തണമെന്നായിരുന്നു സഫയുടെ പ്രസ്താവന. പിന്നാലെയാണ് മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. തന്നെ കൊലപ്പെടുത്തുമെന്നാണ് സന്ദേശമെന്ന് സഫ പോലീസിനോട് പറഞ്ഞു.

കുവൈറ്റിലെ റോഡുകള്‍ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന് നേരത്തെ സഫ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷവും സമാന രീതിയിലുള്ള ഭീഷണി സന്ദേശം ഇവര്‍ക്ക് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്ന ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുന്ന വ്യക്തിയാണ് സഫയെന്നും ആരോപണം ഉയര്‍ന്നിരുന്നു.