സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിലേക്ക് ചേക്കേറുന്നു; പകരം കളിക്കാരനെ തേടി ചെല്‍സി

കരീം ബെന്സേമയും ബെയ്ലും അടങ്ങുന്ന ലോകോത്തര മുന്നേറ്റനിരയ്ക്കും നിരന്തരം പരാജയങ്ങളേറ്റു വാങ്ങേണ്ടി വരുന്നു. ഇതോടെയാണ് ഹസാര്ഡിനായി റയല് നീക്കങ്ങള് ആരംഭിച്ചത്
 

ലണ്ടന്‍: സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിലേക്ക് ചേക്കേറുന്നു. യൂറോപ്പാ കപ്പിന് ശേഷം ഹസാര്‍ഡ് മാഡ്രിഡിലേക്ക് കൂടുമാറുന്ന കാര്യം ചെല്‍സി ഔദ്യോഗിമായി പ്രഖ്യാപിച്ചേക്കും. ക്ലബ് മാറ്റം ആഗ്രഹിക്കുന്ന ഹസാര്‍ഡിനോട് ചെല്‍സി മാനേജ്‌മെന്റ് അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് സൂചന. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ യുവന്റസിലേക്ക് മാറിയതിന് ശേഷം റയലിന്റെ പ്രകടനം അത്ര ശുഭകരമല്ല. പ്ലേ മേക്കറും തകര്‍ക്കാനാവാത്ത പ്രതിരോധവുമുണ്ടെങ്കിലും റയലിന്റെ മുന്നേറ്റനിര ആശാവഹമല്ല.

കരീം ബെന്‍സേമയും ബെയ്‌ലും അടങ്ങുന്ന ലോകോത്തര മുന്നേറ്റനിരയ്ക്കും നിരന്തരം പരാജയങ്ങളേറ്റു വാങ്ങേണ്ടി വരുന്നു. ഇതോടെയാണ് ഹസാര്‍ഡിനായി റയല്‍ നീക്കങ്ങള്‍ ആരംഭിച്ചത്. ട്രാന്‍സ്ഫറിന് അനുകൂലമായി ഹസാര്‍ഡ് പ്രതികരിക്കുകയും ചെയ്തു കഴിഞ്ഞു. ഇനി അറിയേണ്ടത് ചെല്‍സി മാനേജ്‌മെന്റിന്റെ നിലപാടാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ അടുത്തതെന്തെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നും തന്റെ ആഗ്രഹം ചെല്‍സി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഞായറാഴ്ച ഹസാര്‍ഡ് പറഞ്ഞിരുന്നു. ഹസാര്‍ഡിന്റെ ആഗ്രഹം പോലെ ട്രാന്‍ഫര്‍ നടക്കട്ടെയെന്നാണ് ചെല്‍സിക്ക് ലഭിച്ചിരിക്കുന്ന ഉപദേശവും.

എന്നാല്‍ ഹസാര്‍ഡിന് പകരം ആരെങ്കിലും ടീമിലെത്താതെ സൂപ്പര്‍ ഫോര്‍വേര്‍ഡിനെ വിട്ടുനല്‍കുന്നത് ഉചിതമായ തീരുമാനമാവില്ല. ബാര്‍സലോണ താരം കുട്ടിഞ്ഞ്യോയെ തിരികെയെത്തിക്കാന്‍ ചെല്‍സി ശ്രമങ്ങള്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗ് കീരീടം ലക്ഷ്യം വെച്ച് ബാര്‍സലോണയിലേക്ക് ചേക്കേറിയ കുട്ടിഞ്ഞ്യോയുടെ പ്രകടനത്തില്‍ ക്ലബിന് തൃപ്തിയില്ല. ബാര്‍സലോണ കുട്ടിഞ്ഞ്യോയെ വിട്ടുകൊടുത്താല്‍ ചെല്‍സി ഹസാര്‍ഡിന്റെ ട്രാന്‍സഫര്‍ വേഗത്തിലേക്കുമെന്നാണ് സൂചന.