അല്‍ ഐനില്‍ കഞ്ചാവ് കൃഷി നടത്തിയ പ്രവാസികള്‍ പിടിയില്‍; വീഡിയോ

അല് ഐനില് കഞ്ചാവ് കൃഷി നടത്തിയ പ്രവാസികള് പിടിയില്.
 

അബുദാബി: അല്‍ ഐനില്‍ കഞ്ചാവ് കൃഷി നടത്തിയ പ്രവാസികള്‍ പിടിയില്‍. അബുദാബി പോലീസാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരാണ് പിടിയിലായവര്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഏതു രാജ്യത്തു നിന്നുള്ളവരാണ് ഇവരെന്ന വിവരം പുറത്തു വിട്ടിട്ടില്ല. 37 ചെടികളാണ് ഇവര്‍ ചെടിച്ചട്ടികളില്‍ നട്ട് വളര്‍ത്തിയിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ലഹരി വസ്തുക്കള്‍ ഇവര്‍ വിതരണം ചെയ്യുന്നതായും ഇടപാടുകാര്‍ക്ക് ലഹരി ഉപയോഗത്തിന് പ്രത്യേകം മുറി ഫാമില്‍ സജ്ജമാക്കിയിരുന്നതായും പോലീസ് അറിയിച്ചു. യുവാക്കളായിരുന്നു ഇവിടെ സ്ഥിരമായെത്തിയിരുന്ന സന്ദര്‍ശകര്‍.

ഫാമില്‍ പരിശോധന നടത്തിയ അബുദാബി പോലീസ് രണ്ടു പേരെയും ഫാമില്‍ നിന്ന് തന്നെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും യുഎഇയില്‍ കടുത്ത ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റമാണ്. പരിശോധനയുടെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ കാണാം