സൗദിക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഹുതി വിമതര്‍; ജാഗ്രതയോടെ പ്രവാസികള്‍

തങ്ങളുടെ ആക്രമണത്തില് അറബ് സഖ്യസേനയിലെ മൂന്ന് പേര് കൊല്ലപ്പെട്ടതായും ഹുതികള് അവകാശപ്പെട്ടിട്ടുണ്ട്. സൗദിയിലെ വിമാനത്താവളങ്ങള് ലക്ഷ്യമാക്കി കൂടുതല് ആക്രമണങ്ങള് നടത്തുമെന്നും ഹുതികള് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 

റിയാദ്: സൗദി അറേബ്യന്‍ അതിര്‍ത്തിക്ക് സമീപം വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതര്‍. അതേസമയം സൗദി സഖ്യസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഹുതികളുടെ അവകാശവാദം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സൗദി സൈന്യം തയ്യാറായിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പ്രവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രശ്‌ന ബാധിത മേഖലകളില്‍ താമസിക്കുന്നുണ്ട്.

തങ്ങളുടെ ആക്രമണത്തില്‍ അറബ് സഖ്യസേനയിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും ഹുതികള്‍ അവകാശപ്പെട്ടിട്ടുണ്ട്. സൗദിയിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഹുതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സൗദിയിലെ അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി ആരോപിച്ചു. സംഭവത്തില്‍ ഇറാനെതിരെ തെളിവുകളും സൗദി പുറത്തുവിട്ടിട്ടുണ്ട്.

അരാംകോ ആക്രമണത്തിന് ഇറാന്‍ കടുത്ത വില നല്‍കേണ്ടി വരുമെന്ന് സൗദി പറഞ്ഞിരുന്നു. പിന്നാലെ ഹുതികള്‍ക്ക് നേരെയുള്ള സൈനിക നടപടിയും അറബ് സഖ്യ സേന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയും ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.