പാചക വാതക സിലിന്‍ഡറുകളുടെ ഹോം ഡെലിവറിക്ക് ഒടിപി നിര്‍ബന്ധമാക്കുന്നു

ഗ്യാസ് സിലിന്ഡറുകള് വീട്ടിലെത്തിക്കാന് ഒടിപി നിര്ബന്ധമാക്കുന്നു.
 

ന്യൂഡല്‍ഹി: ഗ്യാസ് സിലിന്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ ഒടിപി നിര്‍ബന്ധമാക്കുന്നു. അടുത്ത മാസം മുതല്‍ ഇത് നടപ്പിലാകും. ശരിയായ ഉപഭോക്താവിന് സിലിന്‍ഡറുകള്‍ കൈമാറുന്നതിനും സിലിന്‍ഡറുകളുടെ മോഷണം തടയുന്നതിനുമാണ് എണ്ണ കമ്പനികള്‍ ഡെലിവറി ഓഥന്റിക്കേഷന്‍ കോഡ് എന്ന ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളില്‍ ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കും. വിജയകരമായാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് വിവരം. രാജസ്ഥാനിലെ ജയ്പൂരില്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് നടന്നു വരികയാണ്.

ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. സിലിന്‍ഡര്‍ ലഭിക്കുമ്പോള്‍ ഈ കോഡ് നല്‍കണം. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഡെലിവറിക്കായി എത്തുന്നയാള്‍ക്ക് തന്നെ അത് അപ്‌ഡേറ്റ് ചെയ്ത് കൊടുക്കാനും സാധിക്കും.

നവംബര്‍ 1 മുതല്‍ 100 സ്മാര്‍ട്ട് സിറ്റികളില്‍ നടപ്പാക്കുന്ന ഈ പദ്ധതി ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. മൊബൈല്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. വാണിജ്യ സിലിന്‍ഡറുകള്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.