പ്രസവിച്ച ദിവസം ഭാര്യയുമായി ടൂര്‍ പോകണമെന്ന് യുവാവ്; ആശുപത്രിയില്‍ ബഹളം, അറസ്റ്റ്

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിലേക്ക് ടൂര് പോകണമെന്ന യുവാവിന്റെ ആവശ്യം കലാശിച്ചത് അറസ്റ്റില്.
 

അടിമാലി: ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്ന യുവാവിന്റെ ആവശ്യം കലാശിച്ചത് അറസ്റ്റില്‍. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവമുണ്ടായത്. മൂന്നാര്‍ ചെണ്ടുവരൈ സ്വദേശി നവീന്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് സെല്‍വവും പിടിയിലായിട്ടുണ്ട്. ആശുപത്രിയില്‍ മദ്യപിച്ച് ബഹളം വെച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നവീന്റെ ഭാര്യ പ്രസവിച്ചത്. ഇത് ആഘോഷിക്കുന്നതിനായി നവീനും സുഹൃത്തും അടുത്തുള്ള ബാറില്‍ പോയി മദ്യപിച്ചു. തിരിച്ചെത്തിയ ഇവര്‍ ലേബര്‍ റൂമില്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടയുകയും വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതോടെയാണ് യുവാവ് പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.

ഭാര്യയും കുഞ്ഞുമായി തനിക്ക് കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്നും അടിയന്തരമായി ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. ആദ്യം തമാശയെന്ന് കരുതിയ ആശുപത്രി ജീവനക്കാര്‍ പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. അടിമാലി പോലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി.