മരട്; പൊളിക്കണമെന്ന് കോടതി ഉത്തരവിട്ട ഫ്‌ളാറ്റുമായി ബന്ധമില്ലെന്ന് നിര്‍മാതാക്കള്‍

സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്ളാറ്റ് ഉടമസ്ഥരെ കയ്യൊഴിഞ്ഞ് നിര്മാതാക്കള്.
 

കൊച്ചി: സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെ ഫ്‌ളാറ്റ് ഉടമസ്ഥരെ കയ്യൊഴിഞ്ഞ് നിര്‍മാതാക്കള്‍. മരട് ആല്‍ഫാ സെറീന്‍ അപ്പാര്‍ട്ട്‌മെന്റുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് നിര്‍മാതാക്കളായ ആല്‍ഫാ വെഞ്ചേഴ്‌സ് വ്യക്തമാക്കി. ഈ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ എല്ലാ ഫ്‌ളാറ്റുകളും നിയമപ്രകാരം കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും അപ്പാര്‍ട്ട്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയില്‍ അല്ലാത്തതിനാല്‍ മരട് നഗരസഭയുടെ നോട്ടീസ് തങ്ങള്‍ക്ക് ബാധകമാകില്ലെന്നുമാണ് കമ്പനി നിലപാടെടുത്തിരിക്കുന്നത്.

നോട്ടീസിന് നല്‍കിയ മറുപടിയിലാണ് കമ്പനി ഈ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കരാര്‍ അനുസരിച്ച് നിര്‍മാതാക്കള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ചൊവ്വാഴ്ച ഫ്‌ളാറ്റ് വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. നഗരസഭ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിയാന്‍ നല്‍കിയിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

നഗരസഭയുടെ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ആരോപിച്ച് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം. ഇവര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ നടത്തി വരുന്ന റിലേ നിരാഹാര സമരവും തുടരുകയാണ്.