നൗഷാദിന് ആദരവര്‍പ്പിച്ച് വഴിയോര കച്ചവടക്കാര്‍; ദുരിതത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മറുപടി

സഹജീവികള്ക്കായി നൗഷാദ് ചെയ്ത പ്രവൃത്തി ആയിരങ്ങള്ക്ക് പ്രചോദനമായെന്നും സാംസ്കാരിക കേരളം പ്രതികരിച്ചു.
 

കൊച്ചി: ദുരന്തത്തിലകപ്പെട്ടവര്‍ക്ക് സ്വന്തം കടയിലുള്ള വസ്ത്രങ്ങള്‍ വാരി നല്‍കിയ നൗഷാദിന് ആദരവര്‍പ്പിച്ച് കൊച്ചിയിലെ തെരുവ് കച്ചവടക്കാര്‍. മേനകയില്‍ നടന്ന ചടങ്ങില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്. നൗഷാദിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സഹജീവികള്‍ക്കായി നൗഷാദ് ചെയ്ത പ്രവൃത്തി ആയിരങ്ങള്‍ക്ക് പ്രചോദനമായെന്നും സാംസ്‌കാരിക കേരളം പ്രതികരിച്ചു. പിന്നാലെയാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ പ്രവൃത്തി മാതൃകയാക്കി ദുരിതമനുഭവിക്കുന്നവരെ എല്ലാവരും സഹായിക്കണമെന്ന് നൗഷാദ് പറഞ്ഞു. ദുരന്ത മുഖത്തുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിനിമാ താരം രാജേഷ് ശര്‍മയാണ് നൗഷാദിന്റെ വീഡിയോ പുറത്തു വിട്ടത്. എറണാകുളം ബ്രോഡ് വേയില്‍ ക്യാമ്പുകളിലേക്കുള്ള വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോളായിരുന്നു സംഭവം. വഴിയോരത്ത് തുണിക്കച്ചവടം നടത്തുന് നൗഷാദ് തുണികള്‍ സൂക്ഷിച്ചിരുന്ന തന്റെ മുറി തുറന്ന് വസ്ത്രങ്ങള്‍ എടുത്ത് നല്‍കുകയായിരുന്നു.

സംഭവം തങ്ങളെ ഞെട്ടിച്ചുവെന്ന് രാജേഷ് ശര്‍മ്മ ഫെയിസ്ബുക്ക് ലൈവില്‍ പറഞ്ഞു. നൗഷാദിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.