പാറക്കണ്ടി പവിത്രന്‍ വധക്കേസ്; 7 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

പ്രതികള് പവിത്രനോടുള്ള രാഷ്ട്രീയ വൈര്യം തീര്ക്കാനായി കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
 

കണ്ണൂര്‍: സി പി എം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വധക്കേസില്‍ 7 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തടവ് ശിക്ഷ കൂടാതെ പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ പവിത്രനോടുള്ള രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവര്‍ക്കാണ് ജീവപരന്ത്യം തടവിന് വിധിച്ചത്. എല്ലാവരും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ്. മുന്‍പ് ക്രമിനല്‍ കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരാണ് പ്രതികള്.

2007 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേ ദിവസം രാവിലെ പവിത്രനെ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ വാളുപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. ശരീരത്തില്‍ മാരകമായ വെട്ടുകളേറ്റ ഏതാണ്ട് 8 മാസത്തോളം നരകയാതന അനുഭവിച്ചു. പിന്നീട് 2008 ആഗസ്റ്റ് 10ന് മരണപ്പെടുകയും ചെയ്തു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു പവിത്രന്‍. മേഖലയില്‍ ആര്‍.എസ്.എസ്-സിപിഎം സംഘര്‍ഷം സ്ഥിര സംഭവമായിരുന്നു. പവിത്രനെ കൊലപ്പെടുത്താന്‍ പ്രതികള്‍ മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.