ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന് നയം മാറിയേക്കാമെന്ന് രാജ്‌നാഥ് സിങ്

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം മാറിയേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
 

ന്യൂഡല്‍ഹി: ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം മാറിയേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആദ്യം ആണവായുധം പ്രയോഗിക്കുന്നത് ഇന്ത്യയായിരിക്കില്ല എന്നതാണ് നിലവിലെ നയം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാമെന്നാണ് രാജ്‌നാഥ് സിങ് നല്‍കുന്ന സൂചന. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചമര വാര്‍ഷികത്തോടനുബന്ധിച്ച് പൊഖ്‌റാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

ഇന്ത്യയുടെ രണ്ട് ആണവായുധ പരീക്ഷണങ്ങള്‍ക്ക് വേദിയായ സ്ഥലമാണ് പൊഖ്‌റാന്‍. 1998ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് രണ്ടാം ആണവ പരീക്ഷണം നടത്തിയത്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയും ആണവായുധങ്ങളെ സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.

ഇന്ത്യക്ക് ആണവായുധം ഉണ്ടെന്നും അവ ദീപാവലിക്ക് പൊട്ടിക്കാന്‍ വെച്ചിരിക്കുന്നതല്ലെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. അതേസമയം ആണവായുധങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധത്തിനും സംരക്ഷണത്തിനും വേണ്ടിയാണെന്നായിരുന്നു 2014ല്‍ മോദി പറഞ്ഞത്.