സൗദിയില്‍ ഇനി കടകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം; പ്രാര്‍ത്ഥനാ സമയത്ത് ഇളവ് ബാധകമല്ല

പുതിയ നിയമം കൂടുതല് ഉപഭോക്താക്കളെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
 

ജിദ്ദ: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതരുടെ അനുമതി. എന്നാല്‍ നമസ്‌കാര സമയത്ത സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിയമത്തില്‍ ഇളവ് നല്‍കില്ല. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ സമയത്തും കടകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ഇളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.

സൗദിയില്‍ ഇതുവരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ നിയമം കൂടുതല്‍ ഉപഭോക്താക്കളെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി കാലത്ത് വ്യാപാരകേന്ദ്രങ്ങള്‍ സജീവമാകാന്‍ വേണ്ടിയാണ് മന്ത്രിസഭ 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കിയതെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.