അരാംകോയിലെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു; സൗദി പ്രതിസന്ധിയെ മറികടന്നതായി റിപ്പോര്‍ട്ട്

ആക്രമണത്തിന്റെ പശ്ചാത്തലത്തില് 20 ശതമാനം വര്ദ്ധനയാണ് ആഗോള തലത്തില് എണ്ണവിലയില് ഉണ്ടായത്.
 

റിയാദ്: ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തോടെ ഉത്പാദനം വെട്ടിക്കുറച്ച സൗദിയിലെ അരാംകോ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. സൗദി ഊര്‍ജകാര്യമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സയിദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആക്രമണത്തിന് മുന്‍പ് പ്ലാന്റ് എങ്ങനെയാണോ പ്രവര്‍ത്തിച്ചത് അതേ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ സൗദിയുടെ കിഴക്കന്‍ പ്രദേശമായ അബ്ക്വയിഖിലും ഖുറൈസിലുമായിരുന്നു സ്‌ഫോടകവസ്തു നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. ഡ്രോണ്‍ ആക്രമണത്തില്‍ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസിംഗ് കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം 50 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു. 5.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ പ്രതിദിനം പമ്പ് ചെയ്യാന്‍ കഴിയുന്ന പ്രധാന പൈപ്പ് ലൈനിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 20 ശതമാനം വര്‍ദ്ധനയാണ് ആഗോള തലത്തില്‍ എണ്ണവിലയില്‍ ഉണ്ടായത്. ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളര്‍ വരെ വില വര്‍ദ്ധിച്ചു. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ദിവസത്തില്‍ ഇത്രയും വര്‍ദ്ധനയുണ്ടാകുന്നത്. അതേസമയം അരാംകോയിലെ ഉത്പാദനം പൂര്‍ണമായും പുനസ്ഥാപിച്ച സ്ഥിതിക്ക് വരും ദിവസങ്ങളില്‍ വില കുറഞ്ഞേക്കും. ക്രൂഡ് വില വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ധന വില 6 രൂപ വരെ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിരുന്നു.