ഫാത്തിമ ലത്തീഫിന്റെ മരണം; മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തില്‍; അധ്യാപകര്‍ക്ക് സമന്‍സ്

ഫാത്തിമ ലത്തീഫിന്റെ മരണത്തില് ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്ത്ഥികള് സമരം ആരംഭിച്ചു.
 

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. നിരാഹാര സമരമാണ് ആരംഭിച്ചിരിക്കുന്നത്. എംഎ വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. ചിന്താബാര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്.

ഇതിനിടെ ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കാണ് സമന്‍സ്. ഇന്ന് വൈകുന്നേരത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഫാത്തിമയുടെ മരണത്തില്‍ അധ്യാപകന് പങ്കുണ്ടെന്നാണ് പിതാവ് ലത്തീഫ് ആരോപിക്കുന്നത്.

ചിന്താ ബാര്‍ ആഭ്യന്തര അന്വേഷണ ആവശ്യവുമായി ഐഐടി അധികൃതരെ സമീപിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ വിഷയങ്ങളില്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ ഉള്‍പ്പെടുത്താമെന്ന് മാത്രമാണ് ഡീന്‍ നല്‍കിയ മറുപടിക്കത്തില്‍ ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.