ഗൂഗിള്‍ പേയുടെ ദീപാവലി സ്റ്റാമ്പുകള്‍ക്കും സ്‌ക്രാച്ച് കാര്‍ഡുകള്‍ക്കും തമിഴ്‌നാട്ടില്‍ വിലക്ക്

ഗൂഗിള് പേയുടെ ദീപാവലി റിവാര്ഡുകള്ക്ക് തമിഴ്നാട്ടില് നിരോധനം.
 

ചെന്നൈ: ഗൂഗിള്‍ പേയുടെ ദീപാവലി റിവാര്‍ഡുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം. ദീപാവലി സ്റ്റാമ്പുകള്‍ക്കും സ്‌ക്രാച്ച് കാര്‍ഡുകള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2003ല്‍ ഏര്‍പ്പെടുത്തിയ ലോട്ടറി നിരോധന നിയമത്തിന്റെ ലംഘനമാണ് ഇവയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചൂതാട്ടത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയായിരുന്ന ജയലളിതയാണ് എല്ലാത്തരത്തിലുമുള്ള ലോട്ടറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ലോട്ടറികള്‍ക്ക് തുല്യമാണ് ഗൂഗിള്‍ പേയിലെ റിവാര്‍ഡുകള്‍ എന്നും റിവാര്‍ഡുകളിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവുകയാണെന്നും അധികൃതര്‍ പറയുന്നു. ഇത്തരം റിവാര്‍ഡുകള്‍ നേടുന്നതിനുള്ള അവസരമായി ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് ജനങ്ങളെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഓഫ്‌ലൈന്‍ ലോട്ടറികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തിന്റെ മറവില്‍ ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അത്ര ലളിതമല്ലെന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്.

അവയുടെ ആഗോള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ പ്രതികരണം. അത് മാത്രമല്ല, പ്രത്യേക പ്രദേശത്ത് മാത്രമായി സേവനം വിലക്കുകയെന്നത് സങ്കീര്‍ണ്ണമാണെന്നും രാജ്യത്തെ എല്ലാ മൊബൈല്‍ ഡിവൈസുകളിലും തങ്ങള്‍ക്ക് ഈ സേവനം നല്‍കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു.