അമേരിക്കന്‍ പ്രസിഡന്റ് ഇന്ന് എത്തുന്നു; മൂന്ന് മണിക്കൂര്‍ സന്ദര്‍ശനത്തിന് ഗുജറാത്ത് ചെലവാക്കുന്നത് കോടികള്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ട്രംപ് മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം നടത്തും. മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എത്തുന്ന ട്രംപിനെ സ്വീകരിക്കുന്നതിനായി നമസ്തേ ട്രംപ് എന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒരു ലക്ഷത്തോളം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 22 കിലോമീറ്റര്‍ റോഡ് ഷോ ആയിട്ടാണ് ട്രംപും മോദിയും സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ട്രംപ് കടന്നു പോകുന്ന വഴിയിലെ ചേരി പ്രദേശം മതില് കെട്ടി മറച്ചത് വിവാദമായിരുന്നു. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ നീളുന്ന പരിപാടിക്കായി 85 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.
അഹമ്മദാബാദില്‍ നിന്ന് ട്രംപ് ആഗ്രയിലേക്കായിരിക്കും പോകുന്നത്. ആഗ്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രംപിനെ സ്വീകരിക്കും.