എയ്ഡഡ് സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലന്‍സ് റെയിഡ്

പതിനഞ്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും 45ഓളം എയ്ഡഡ് സ്കൂളുകളിലും വിജിലന്സ് പരിശോധന.
 

കൊച്ചി: പതിനഞ്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും 45ഓളം എയ്ഡഡ് സ്‌കൂളുകളിലും വിജിലന്‍സ് പരിശോധന. അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടക്കുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് അനധികൃതമായി പണം വാങ്ങുന്നുവെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരിലാണ് റെയിഡ് നടന്നത്.

ഉച്ചയ്ക്ക് 12 മണി മുതലാണ് പരിശോധന ആരംഭിച്ചത്. എയിഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് ്അംഗീകാരം നല്‍കുന്നതിനായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ തുകകള്‍ ആവശ്യപ്പെടുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. മലപ്പുറത്ത് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ വിജിലന്‍സ് കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്.

മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ജില്ലയില്‍ മൂന്നു സ്‌കൂളുകളില്‍ പരിശോധന നടക്കുന്നുണ്ട്.