ലോകകപ്പ് ടീമില്‍ കാര്‍ത്തിക്കിനെയാണ് ആവശ്യം; ഋഷഭ് പന്തിനെ ഒഴിവാക്കിയതിന് വിശദീകരണവുമായി കോലി

. ധോനിക്ക് എന്തെങ്കിലും സാഹചര്യത്തില് മാറിനില്ക്കേണ്ടി വന്നാല് വിക്കറ്റിന് പിന്നിലും കാര്ത്തിക്കിനെ ഉപയോഗിക്കാന് കഴിയും
 

മുംബൈ: ലോകകപ്പ് ടീമില്‍ നിന്ന് യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കിയതിന് വിശദീകരണവുമായി നായകന്‍ വിരാട് കോലി. കാര്‍ത്തിക്കിന്റെ പരിചയസമ്പത്തും കളിമികവുമാണ് ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് ആവശ്യമെന്നായിരുന്ന കോലിയുടെ പ്രതികരണം. ഋഷഭ് പന്തിന് പകരമായി ദിനേശ് കാര്‍ത്തിക്കിനെയാണ് നായകനും സെലക്ടര്‍മാരും പരിഗണിച്ചത്. പിന്നാലെ തീരുമാനം വിവാദമായിരുന്നു. പന്തിനെപ്പോലുള്ള പ്രതിഭയെ തഴഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നായിരുന്നു ആരാധകരുടെ പ്രധാന വാദം. എന്നാല്‍ ഡി.കെയെ ടീമിലെടുത്തതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് കോലി.

കാര്‍ത്തിക് പരിചയസമ്പത്തുള്ള കളിക്കാരനാണ്. ലോകകപ്പ് പോലുള്ള സുപ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിന് ആവശ്യമുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ധോനിക്ക് എന്തെങ്കിലും സാഹചര്യത്തില്‍ മാറിനില്‍ക്കേണ്ടി വന്നാല്‍ വിക്കറ്റിന് പിന്നിലും കാര്‍ത്തിക്കിനെ ഉപയോഗിക്കാന്‍ കഴിയും. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.

ഇന്ത്യക്കായി 26 ടെസ്റ്റ് മത്സരങ്ങളിലും 91 ഏകദിനങ്ങളിലും 33കാരനായ കാര്‍ത്തിക് പാഡണിഞ്ഞിട്ടുണ്ട്. ഫിനിഷര്‍ റോളിലായിരിക്കും ഇത്തവണ കാര്‍ത്തിക് ലോകകപ്പിനിറങ്ങുക. 73.70 സ്‌ട്രൈക്ക് റൈറ്റുള്ള കാര്‍ത്തിക്ക് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ നിര്‍ണായക സ്വാധീനമാവുമെന്നാണ് നിരീക്ഷകരുടെയും വിലയിരുത്തല്‍. കഴിഞ്ഞ ഒക്ടോബറില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഋഷഭ് പന്താകട്ടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനവും ഇതുവരെ നടത്തിയിട്ടില്ല. ഐ.പി.എല്ലിലെ പ്രകടനം മാത്രം വിലയിരുത്തി ടീമിലെടുക്കാന്‍ കഴിയില്ലെന്നാണ് നായകന്റെയും കോച്ചിന്റെയും നിലപാട്.