തലതിരിച്ച് പിടിച്ചാലും വായിക്കാവുന്ന പത്രം! മനോരമയുടെ പരസ്യത്തെ ട്രോളി സോഷ്യല്‍ മീഡിയ

 


മലയാള മനോരമ പത്രത്തിന്റെ പുതിയ പരസ്യത്തിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മനോരമ പത്രത്തിന്റെ പരസ്യ ഹോര്‍ഡിംഗിലെ ചിത്രമാണ് സോഷ്യല്‍ മീഡിയ എയറിലാക്കിയത്. അച്ഛനും മകളും പത്രം വായിക്കുന്ന ചിത്രമാണ് പരസ്യത്തിലുള്ളത്. പത്രത്തിന്റെ മുന്‍പേജ് കാഴ്ചക്കാര്‍ക്ക് കാണും വിധം തിരിച്ചു പിടിച്ചാണ് വായന. എന്നാല്‍ ചിത്രത്തിലുള്ളതുപോലെ പത്രം മടക്കി പിടിച്ചാല്‍ മറുവശം തലതിരിഞ്ഞായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഇതോടെയാണ് പരസ്യം എയറിലായത്. മനോരമയില്‍ തലതിരിഞ്ഞ വാര്‍ത്തകളാണെന്നും, തലകുത്തനെ പിടിച്ചാലേ വായിക്കാന്‍ പറ്റൂ എന്നും മനോരമ തന്നെ തെളിയിച്ചു തന്ന സ്ഥിതിക്ക് എങ്ങനെയാ? തലതിരിഞ്ഞ വാര്‍ത്തകള്‍ക്ക് മനോരമ വായിക്കൂ എന്നാണോ പരസ്യം സൂചിപ്പിക്കുന്നത്, തലതിരിഞ്ഞ ക്രിയേറ്റിവിറ്റി തുടങ്ങി നിരവധി കമന്റുകള്‍ പരസ്യത്തെക്കുറിച്ച് ഫെയിസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.

ട്രോള്‍ പേജുകളും മനോരമ പരസ്യം ആഘോഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മോനരമ നല്‍കിയ ഇടുക്കി ഡാമിലെ വെള്ളം പോകുന്ന വഴിയുടെ ഇന്‍ഫോഗ്രാഫിക്‌സ് ചേര്‍ത്തും ട്രോളുകള്‍ വന്നിട്ടുണ്ട്. അതേസമയം ട്രോളുകള്‍ മനോരമയ്ക്ക് നല്‍കുന്നത് നെഗറ്റീവ് പബ്ലിസിറ്റിയായിരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.