സി. നാരായണനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് മാതൃഭൂമിക്ക് മുന്നിൽ സമരം

മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ മുൻ ഭാരവാഹിയും മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയുമായിരുന്ന സി. നാരായണനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് മാതൃഭൂമിക്ക് മുന്നിൽ സമരം. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ പിന്തുണയുണ്ട്.
 


കോഴിക്കോട്:
മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ മുൻ ഭാരവാഹിയും മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയുമായിരുന്ന സി. നാരായണനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് മാതൃഭൂമിക്ക് മുന്നിൽ സമരം. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ പിന്തുണയുണ്ട്. കെ.പി കേശവമേനോൻ റോഡിലെ മാതൃഭൂമി ഹെഡ് ഓഫീസിലേക്കുള്ള മാർച്ച് റങ്കൂൺ ഹോട്ടലിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നൂറിലധികം വരുന്ന സമരക്കാർ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.


കഴിഞ്ഞ ദിവസമാണ് മാതൃഭൂമിയിൽ നിന്നും സി. നാരായണനെ പുറത്താക്കിയത്. പത്രത്തിൽ തെറ്റ് വന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ച ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്ന ആരോപണമുന്നയിച്ചാണ് നടപടി. മജീദിയ വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ നടത്തിയ സമരങ്ങൾക്ക് മാതൃഭൂമിയിൽ നേതൃത്വം നൽകിയത് നാരായണനായിരുന്നു. ഇതേത്തുടർന്ന് നാരായണനുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ജോലിയിൽ നിന്ന് പുറത്താക്കിയതിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. മാതൃഭൂമിയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായിരുന്ന നാരായണൻ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ ജോലി നോക്കിയിട്ടുണ്ട്.