‘മോഡി പറഞ്ഞത് കള്ളം, അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 942 സ്‌ഫോടനങ്ങള്‍’; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും സ്‌ഫോടനം ശബ്ദങ്ങളൊന്നും ഇല്ലാതാക്കാനും കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന നുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണകാലത്ത് രാജ്യത്ത് ഏതാണ്ട് 942 ഉഗ്ര സ്ഫോടനങ്ങള് നടന്നുവെന്ന് രാഹുല് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വാദങ്ങള് പൊളിച്ചടുക്കുന്നതാണ് ട്വീറ്റ്.
‘2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്‌ഫോടനശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി മോഡി വാദിക്കുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി തുടങ്ങി 942 വന്‍ സ്‌ഫോടനങ്ങളാണ് അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ചെവി തുറന്ന് വെച്ച് ഈ സ്‌ഫോടന ശബ്ദങ്ങളൊക്കെ കേള്‍ക്കേണ്ടതാണ്’. രാഹുല്‍ പറഞ്ഞു.
രാജ്യത്ത് നിരന്തരം സുരക്ഷാ വീഴ്ച്ചകള്‍ മൂലം സ്‌ഫോടനങ്ങള്‍ നടക്കുന്നതായി നേരത്തെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് തെളിവുകളുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. മഹാരാഷ്ട്രയിലെ ഗാദ്ചിറോളിയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 15 സുരക്ഷ ഉദ്യേഗസ്ഥരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്റെ പ്രതികരണം.