‘കുതിരപ്പുറത്തേറി സ്‌കൂളിലേക്ക് പോകുന്ന ആ മിടുക്കിയുടെ ചിത്രം വേണമെനിക്ക്’; കൃഷ്ണയെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര
കൊച്ചി: ദിനവും കുതിരപ്പുറത്തേറി സ്‌കൂളിലേക്ക് പോകുന്ന മാളയിലെ കൊച്ചു മിടുക്കി കൃഷ്ണയായിരുന്ന സമീപ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയ താരം. കൃഷ്ണ കുതിരപ്പുറത്ത് സ്കൂളിലേക്ക് പോകുന്ന ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധനേടി. കൃഷ്ണയുടെ കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന ആഗ്രവുമെല്ലാം ചര്‍ച്ചയാവുകയും ചെയ്തു. പിന്നാലെ കൃഷ്ണയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.
‘ആര്‍ക്കെങ്കിലും തൃശൂര്‍ ഉള്ള ഈ മിടുക്കിയെ അറിയുമോ എനിക്ക് അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം, സ്‌ക്രീന്‍ സേവറാക്കാന്‍. അവള്‍ എന്റെ ഹീറോ ആണ്. സ്‌കൂളിലേക്കുള്ള അവളുടെ യാത്ര ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ എന്നില്‍ നിറക്കുന്നു”, ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
മാള ഹോളി ഗ്രേസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍തിഥിനിയായ കൃഷ്ണ വളരെക്കാലമായി കുതിരയോടപ്പമാണ് യാത്രകള്‍. സ്‌കൂളില്‍ പോകാനും തിരികെ വരാനും എന്തിനേറെ വീട്ടാവശ്യങ്ങള്‍ക്കായി കടയില്‍ പോകുന്നത് പോലും കുതിരപ്പുറത്താണ്. മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് കൃഷ്ണ.