കാറില്‍ നിന്ന് തെറിച്ചു വീണത് ലക്ഷങ്ങള്‍, റോഡില്‍ നിന്ന് പണം വാരിയോടി യാത്രക്കാര്‍; വൈറല്‍ വീഡിയോ
അറ്റ്ലാന്റ: നോട്ട് മഴ എന്ന് നമ്മള് തമാശയ്ക്ക് ഉപയോഗിക്കാറുണ്ട്, കഴിഞ്ഞ ദിവസം അറ്റ്ലാന്റയിലെ ഹൈവേയില് അക്ഷരാര്ഥത്തില് ഈ പ്രയോഗം സത്യമായിരുന്നു. യാത്രക്കാര് തങ്ങള്ക്കാവും വിധം പണം കൈക്കാലാക്കി സ്ഥലം വിടുകയും ചെയ്തു. രസകരമായി സംഭവം ഇങ്ങനെയാണ്, കറന്സിയുമായി സഞ്ചരിക്കുകയായിരുന്നു വാഹനത്തിന്റെ ഡോര് അപ്രതീക്ഷിതമായ തുറന്ന് പണപ്പെട്ടി റോഡിലേക്ക് തെറിച്ചുവീണു.
അറ്റ്ലാന്റയിലെ തിരക്കേറിയ ഹൈവേയിലായിരുന്നു സംഭവം. തെറിച്ചുവീണ പെട്ടിയില് നിന്ന് പണം റോഡിലേക്ക് വീഴുകയും ചെയ്തതോടെ റോഡ് മുഴുവന് കറന്സികള് കൊണ്ട് നിറഞ്ഞു. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000 രൂപ) റോഡില്‍ നഷ്ടമായതെന്നാണ് ഔദ്യോഗിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. നോട്ട് മഴ കണ്ട് യാത്രക്കാര്‍ വാഹനം നിര്‍ത്തി പണം വാരാന്‍ ശ്രമിച്ചതോടെ സ്ഥലത്തേക്ക് പോലീസെത്തി.
മുഴുവന്‍ പണവും തിരികെ ലഭിച്ചില്ലെങ്കിലും പകുതിയോളം വാരിയെടുക്കാന്‍ പോലീസിന് കഴിഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ ചിലര്‍ നോട്ടുകള്‍ തിരികെ നല്‍കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.