നിങ്ങള്‍ ഉറങ്ങിയോ പല്ലുതേച്ചോ എന്നറിയേണ്ട, വിംഗ് കമാന്ഡറെ സുരക്ഷിതമായി എന്ന് കൊണ്ടുവരും? ചോദ്യമുന്നയിച്ച് ദിവ്യ സ്പന്ദന
പാക് പിടിയിലകപ്പെട്ട വിംഗ് കമാന്ഡര് അഭിനന്ദന് വര്ദ്ധമാന്റെ മോചനത്തിനായുള്ള ആവശ്യം ശക്തമാകുന്നു. ട്വിറ്ററില് പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ട കോണ്ഗ്രസ് സോഷ്യല് മീഡിയ വിഭാഗം നേതാവ് ദിവ്യ സ്പന്ദന രംഗത്തെത്തി. ‘നിങ്ങള് ഉറങ്ങിയോ, പല്ലു തേച്ചോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്ക്ക് അറിയേണ്ട. പക്ഷേ വിംഗ് കമാന്ഡറെ സുരക്ഷിതമായി എപ്പോള് വീട്ടിലെത്തിക്കും എന്ന് ഞങ്ങള്ക്ക് അറിയണമെന്ന് ട്വിറ്റര് സന്ദേശത്തില് ദിവ്യ സ്പന്ദന പറയുന്നു.
അതിര്‍ത്തിയില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അത് രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ബിജെപി ശ്രമത്തിനെതിരെ ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. ഇന്നലെ മുതല്‍ വിംഗ് കമാന്‍ഡറെ കാണാനില്ല. എന്നിട്ടും അവര്‍ ബൂത്തുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. യുദ്ധം മൂലം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ പറയുന്നത്. ഇതിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഒരിക്കലും ഇത് മറക്കില്ലെന്നും ദിവ്യ ട്വീറ്റ് ചെയ്തിരുന്നു.