കനേഡിയന്‍ പൗരനായ അക്ഷയ് കുമാറിനെ എന്തിന് യുദ്ധക്കപ്പലില്‍ കയറ്റി? മോഡിയോട് ചോദ്യമുന്നയിച്ച് ദിവ്യ സ്പന്ദന
ബംഗളൂരു: രാജീവ് ഗാന്ധിക്കെതിരെ വിമര്ശനമുന്നയിച്ച നരേന്ദ്ര മോഡിയോട് മറുചോദ്യം ഉന്നയിച്ച് കോണ്ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. കനേഡിയന്‍ പൗരനായ അക്ഷയ് കുമാറിനെ ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ കയറ്റിയതും ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിച്ചതും എന്തിനാണെന്ന് ദിവ്യ സ്പന്ദന ചോദിച്ചു. മോഡിയെയും അക്ഷയ് കുമാറിനെയും ട്വീറ്റില്‍ ടാഗ് ചെയ്തുകൊണ്ടാണ് ചോദ്യം.
ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായിരുന്ന ഐഎന്‍എസ് വിരാട് രാജീവ് ഗാന്ധി സ്വകാര്യ ടാക്‌സിയാക്കിയെന്ന് മോഡി ആരോപിച്ചിരുന്നു. രാജീവ് ഗാന്ധിയും കുടുംബവും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ വിമാന വാഹിനിക്കപ്പല്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് മോഡി തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് നാവിക സേനയുടെ മുന്‍ ചീഫ് അഡ്മിറല്‍ എല്‍.രാംദാസ് വ്യക്തമാക്കിയിരുന്നു.