മലയാളം ഗൂഗിൾ ട്രാൻസിലേറ്റിന്റെ വരവ് ആഘോഷിച്ച് ഫേസ്ബുക്കികൾ

ഗൂഗിളിന്റെ പരിഭാഷാ സംവിധാനത്തിൽ മലയാളം ഭാഷയുടെ വരവ് മലയാളികൾ സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചു. ദിനംപ്രതി നാവിന്റെ തുമ്പത്ത് നിൽക്കുന്ന വാക്കുകൾ മുതൽ ലോകസാഹിത്യത്തിലെ പ്രയോഗങ്ങൾ വരെ ട്രാൻസലേറ്ററിൽ അടിച്ചാണ് മലയാളികൾ ഗൂഗിൾ ട്രാൻസലേറ്ററിന്റെ വരവ് ആഘോഷിച്ചത്.
 


കൊച്ചി:
ഗൂഗിളിന്റെ പരിഭാഷാ സംവിധാനത്തിൽ മലയാളം ഭാഷയുടെ വരവ് മലയാളികൾ സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചു. ദിനംപ്രതി നാവിന്റെ തുമ്പത്ത് നിൽക്കുന്ന വാക്കുകൾ മുതൽ ലോകസാഹിത്യത്തിലെ പ്രയോഗങ്ങൾ വരെ ട്രാൻസിലേറ്ററിൽ അടിച്ചാണ് മലയാളികൾ ഗൂഗിൾ ട്രാൻസിലേറ്ററിന്റെ വരവ് ആഘോഷിച്ചത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ അധ്യാപകനായ മോഹൻലാലിനോട് വിദ്യാർത്ഥി ചോദിച്ച് കുഴപ്പത്തിലാക്കിയ ഉപ്പുമാവിന്റെ ഇംഗ്ലീഷ് മുതൽ പിണറായിയുടെ ഇംഗ്ലീഷ് വരെ ഫേസ്ബുക്ക് രസികൻമാർ കണ്ടെത്തി.

അത്തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ താഴെ കാണാം


ഗൂഗിളിന്റെ പരിഭാഷാ സംവിധാനത്തിൽ ഇന്ന് മുതലാണ് മലയാളം ലഭ്യമായി തുടങ്ങിയത്. മലയാളം, ബർമീസ് എന്നിവയടക്കം പത്തോളം ഭാഷകൾ ഉൾപ്പെടുത്തിയാണ് ഗൂഗിൾ ട്രാൻസിലേറ്റർ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ പരിഭാഷാ വെബ്‌സൈറ്റിൽ (www.translate.google.com) ഇനി മലയാളത്തിൽ നിന്ന് മറ്റു വിവിധ ഭാഷകളിലേക്കും തിരിച്ചും മൊഴിമാറ്റം ചെയ്യാനുള്ള സംവിധാനം ലഭ്യമാണ്. ഇതോടെ ഈ സംവിധാനത്തിന് കീഴിൽ പത്ത് ഇന്ത്യൻ ഭാഷകളായിക്കഴിഞ്ഞു.

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മാറാത്തി, പഞ്ചാബി, ഉർദു എന്നീ ഇന്ത്യൻ ഭാഷകളിൽ ഗൂഗിൾ പരിഭാഷ നേരത്തെ ലഭ്യമാണ്. ഇംഗ്ലീഷ്, ചൈനീസ്, അറബിക്, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും പരിഭാഷ സേവനം ലഭ്യമാകും.