കാർത്തികപ്പള്ളിയിൽ മതം മാറിയവർ 20 വർഷം മുൻപേ ഹിന്ദുമതം സ്വീകരിച്ചവരെന്ന് ആരോപണം

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ നടന്ന ഘർ വാപ്പസി ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ നേരത്തേ തന്നെ ഹിന്ദുമതത്തിൽ പെട്ടവരാണെന്ന് ആരോപണം. പ്രദേശവാസികളായ ചില ദളിത് പ്രവർത്തകർ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഇക്കാര്യം പുറത്തായിരിക്കുന്നത്.
 


ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ നടന്ന ഘർ വാപ്പസി ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ നേരത്തേ തന്നെ ഹിന്ദുമതത്തിൽ പെട്ടവരാണെന്ന് ആരോപണം. പ്രദേശവാസികളായ ചില ദളിത് പ്രവർത്തകർ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഇക്കാര്യം പുറത്തായിരിക്കുന്നത്.

വർഷങ്ങളായി ക്രിസ്ത്യൻ ചേരമർ വിഭാഗത്തിൽ പെടുന്ന 8 പേർ ‘സ്വധർമ്മത്തിലേക്ക്’ (ഘർ വാപ്പസി) മടങ്ങി എത്താനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ വാദം. ചേപ്പാട് വില്ലേജിലെ കാണിച്ചനെല്ലൂർ മുറിയിൽ, പാലത്തറ വീട്ടിലെ 8 പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  ബാബു, അദ്ദേഹത്തിന്റെ മക്കളായ ബീന, ബിനു, ബിനീഷ്‌കുമാർ, ബാബുവിന്റെ അനുജൻ ജോയി, അദ്ദേഹത്തിന്റെ മക്കളായ അനുപമ, അഞ്ജലി എന്നിവരും ഇവരുടെ ബന്ധുവായ സജീവനുമാണ് 12 പേരിൽ ഉൾപ്പെട്ടവർ. ഈ കുടുംബം നേരത്തേ തന്നെ ഹൈന്ദവ വിശ്വാസങ്ങൾ പുലർത്തിയിരുന്നതായി പ്രദേശവാസിയായ സജി ചേരമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജോർജ്ജ്, മറിയാമ്മ ദമ്പതികളുടെ മക്കളാണ് ബാബുവും, ജോയിയും. പേര് സൂചിപ്പിക്കും വിധം മാതാപിതാക്കൾ ക്രിസ്ത്യൻ വിശ്വാസമായിരുന്നു പുലർത്തിയിരുന്നത്. എന്നാൽ ബാബുവും ജോയിയും ഹൈന്ദവ വിശ്വാസമായിരുന്നു പുലർത്തിയിരുന്നതെന്ന് സജി പറയുന്നു. ഇരുവരുടെയും വിവാഹം യഥാക്രമം 1981ലും 1991ലും കെപിഎംഎസ്സിന്റെ പത്രിക മുറിച്ച് സമുദായ ആചാര പ്രകാരമാണ് നടന്നിട്ടുള്ളത്.

ബാബു കഴിഞ്ഞ 20 വർഷത്തിന് മേലെയായി കെ.പി.എം.എസ്സിന്റെ സജീവ പ്രവർത്തകനാണ്. മുൻപ് ഇദ്ദേഹം കെ.പി.എം.എസ്സ്. കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹം കെ.പി.എം.എസ്. 1531 നമ്പർ ശാഖാ പ്രസിഡന്റാണെന്നും   ഇതിന് മുൻപ് ബാബു രണ്ടു തവണ ഹിന്ദു മതപരിവർത്തന ചടങ്ങ് നടത്തിയിട്ടുണ്ടെന്നും സജി പറയുന്നു.

20.10.1992ൽ ആര്യ സമാജത്തിന്റെ കീഴിൽ അദ്ദേഹം ഹിന്ദു മതം സ്വീകരിച്ചതിന്റെ സർട്ടിഫിക്കേറ്റും സജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് 2012-ൽ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി വീണ്ടും ഹിന്ദു മതം സ്വീകരിച്ചതിന് ദേവസ്വം കമ്മിഷണർ നൽകിയ സർട്ടിഫിക്കറ്റും ഫേസ്ബുക്കിൽ സജിൽ നൽകുന്നു. ഈ സർട്ടിഫിക്കേറ്റുകളുടെ അടിസ്ഥാനത്തിൽ ഗസറ്റ് നോട്ടിഫിക്കേഷൻ അനുവദിക്കപ്പെടാതിരുന്നതിനാലാണ് ഇപ്പോഴത്തെ മതം മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. ശരിയായ നിർദ്ദേശം ലഭിക്കാതെ പോയതും, തുടർ നടപടിയെ പറ്റിയുള്ള ശരിയായ ബോധ്യമില്ലാത്തതും, സ്വന്തം സമുദായ സംഘടനാ നേതാക്കളുടെ അപേക്ഷയുമാണ് ഗസറ്റ് നോട്ടിഫിക്കേഷൻ കിട്ടാതെ പോയതിന് കാരണമെന്നും സജി
ചൂണ്ടിക്കാട്ടുന്നു.

സജിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌