ബംഗാള്‍ എംപിമാരുടെ ഗ്ലാമറസ് ഡാന്‍സ് വീഡിയോയില്‍ ട്രോളുമായി രാംഗോപാല്‍ വര്മ
എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട ബംഗാളി നടിമാരായ മിമി ചക്രബര്ത്തിയെയും നുസ്രത്ത് ജഹാനെയും ട്രോള് ചെയ്ത് ബോളിവുഡ് സംവിധായകന് രാംഗോപാല് വര്‍മ. നടിമാര്‍ പ്രത്യക്ഷപ്പെടുന്ന വൈറല്‍ ടിക് ടോക് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ടെന്നാണ് വര്‍മ ട്വിറ്ററില്‍ കുറിച്ചത്. ഗ്ലാമര്‍ നടിമാരായ ഇരുവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി പ്രഖ്യാപനം നടത്തിയപ്പോള്‍ മുതല്‍ അധിക്ഷേപങ്ങള്‍ നേരിടുകയാണ്.
ടെലിവിഷന്‍ താരം കൂടിയായ മിമി സല്‍വാര്‍ ധരിച്ച് പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ ആരംഭിച്ച അധിക്ഷേപങ്ങള്‍ ജീന്‍സ് ധരിച്ചെത്തിയപ്പോള്‍ രൂക്ഷമായി. എന്നാല്‍ അധിക്ഷേപങ്ങള്‍ ഗൗനിക്കാതെ പ്രചാരണം തുടര്‍ന്ന ഇരുവരും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയതു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ഇരുവരുടെയും നൃത്ത വീഡിയോ വൈറലായിരുന്നു. ഇതാണ് രാംഗോപാല്‍ വര്‍മയുടെ പരിഹാസ ട്വീറ്റിലും ഉപയോഗിച്ചിരിക്കുന്നത്.
41 ശതമാനം സീറ്റുകളാണ് സ്ത്രീകള്‍ക്കായി തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റിവെച്ചിരുന്നത്. സിറ്റിംഗ് സീറ്റുകളായ ജദവ്പൂര്‍, ബസീര്‍ഹട്ട് എന്നിവ ഇരുവര്‍ക്കും മത്സരിക്കാനായി മമത നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രണ്ടാമതും അഞ്ചാമതുമാണ് ഇരുവരുടെയും സ്ഥാനം.