ട്രംപ്, നിങ്ങളെങ്ങനെ പഴം കഴിക്കുന്നു, ഉറങ്ങുന്നു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹമുണ്ട്! മോഡി അഭിമുഖത്തെ ട്രോളി സിദ്ധാര്‍ത്ഥ്
നരേന്ദ്ര മോഡിയുമായി നടന് അക്ഷയ് കുമാര് നടത്തിയ ‘അരാഷ്ട്രീയ’ അഭിമുഖത്തെ ട്രോളി നടന് സിദ്ധാര്‍ത്ഥ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് സിദ്ധാര്‍ത്ഥ് മോഡിയെയും അക്ഷയ് കുമാറിനെയും ട്രോള്‍ ചെയ്തിരിക്കുന്നത്. ട്രംപ് നിങ്ങള്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പു കാലത്ത് ഞാനുമായി ഒരു അഭിമുഖം നിര്‍ദേശിക്കുകയാണെന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്.
നിങ്ങളെങ്ങനെ പഴം കഴിക്കുന്നു, ഉറങ്ങുന്നു, ജോലിയിലെ ശീലങ്ങള്‍, കൂടാതെ നിങ്ങളുടെ മനോഹരമായ വ്യക്തിത്വം തുടങ്ങിയവയെപ്പറ്റി നിര്‍ണ്ണായകമായ ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. എനിക്കൊരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ട് എന്നും ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. കാനഡ പൗരത്വമുള്ള അക്ഷയ് കുമാറിനെ ചെറുതായി ട്രോളാനാണ് അവസാന വരികള്‍ ഉപയോഗിച്ചിരിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോളും ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്തതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പു കാലത്ത് മോഡിയുമായി അക്ഷയ്കുമാര്‍ നടത്തിയ അഭിമുഖം പുറത്തു വന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ പറയാതെയുള്ള അഭിമുഖം ആരംഭിക്കുന്നതു തന്നെ പ്രധാനമന്ത്രി മാമ്പഴം കഴിക്കാറുണ്ടോ എന്ന ചോദ്യത്തിലായിരുന്നു.