യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം

ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്സിറ്റി കോളേജില് കണ്ടതെന്ന് സുനില് പി. ഇളയിടം.
 

ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടതെന്ന് സുനില്‍ പി. ഇളയിടം. രാഷ്ട്രീയ ബോധ്യങ്ങള്‍ക്കു പകരം സംഘടനാ മുഷ്‌കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തില്‍ പലയിടത്തും പ്രബലമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല, ഈ സംഭവത്തിന്റെയും വേരുകള്‍ അവിടെയാണെന്നും സുനില്‍ പി. ഇളയിടം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എസ്. എഫ്. ഐ. യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി.സ്ഥാനവും ഒക്കെ കയ്യാളിയ ഒരാള്‍ ആദ്യം കോണ്‍ഗ്രസ്സ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്. അയാള്‍ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല, അങ്ങിനെയൊരാള്‍ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്. അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാനും മറികടക്കാനും കഴിയൂ എന്നും പോസ്റ്റ് പറയുന്നു.

പോസ്റ്റ് വായിക്കാം

യൂണിവേഴ്‌സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘര്‍ഷത്തിന്റെ പേരില്‍ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ . നേതൃത്വം തയ്യാറായത് നന്നായി. വഷളായ ന്യായീകരണങ്ങള്‍ക്ക് മുതിരാതെ ആത്മവിമര്‍ശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്. എഫ്. ഐ. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്തോഷകരമായി തോന്നിയ കാര്യമാണ്.
എസ്. എഫ്. ഐ. നേതൃത്വം അതില്‍ അഭിനന്ദനമര്‍ഹിക്കുന്നു.

എന്നാല്‍, ഈ പ്രശ്‌നത്തിന്റെ വേരുകള്‍ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്‌സിറ്റി കോളേജില്‍ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്തെ നടപടികള്‍ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല. ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത്. ഇടതുപക്ഷമോ വിദ്യാര്‍ത്ഥി പ്രസ്ഥാനമോ അപ്പാടെ അങ്ങനെയായി എന്നല്ല. പക്ഷേ, രാഷ്ട്രീയ ബോധ്യങ്ങള്‍ക്കു പകരം സംഘടനാ മുഷ്‌കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തില്‍ പലയിടത്തും പ്രബലമാണ്. ഇതിന്റെയും വേരുകള്‍ അവിടെയാണ്; യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല.

എസ്. എഫ്. ഐ. യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി.സ്ഥാനവും ഒക്കെ കയ്യാളിയ ഒരാള്‍ ആദ്യം കോണ്‍ഗ്രസ്സ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്. നിശ്ചയമായും അയാള്‍ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ ‘നേതാക്കള്‍’ ഉള്‍പ്പെടെ.

അയാള്‍ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല, അങ്ങിനെയൊരാള്‍ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്. അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാന്‍ കഴിയൂ.
മറികടക്കാനും.

സംവാദസന്നദ്ധത, പുതിയ ആശയ – വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലര്‍ന്ന ശരീരഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യവിവേകം… എന്നിവയ്ക്കായി ബോധപൂര്‍വം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലികപ്രശ്‌നം പരിഹരിക്കാനാവൂ. അല്ലെങ്കില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെട്ടുത്തുന്ന വിധത്തില്‍, മുഷ്‌കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും അരങ്ങുവാഴുന്ന രാഷ്ട്രീയ അവിവേകത്തിന്റെ പരമ്പരയിലെ പുതിയൊരു സന്ദര്‍ഭം മാത്രമായി ഇതും അവസാനിക്കും.

ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്

യൂണിവേഴ്സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘർഷത്തിന്റെ പേരിൽ കേരളീയ സമൂഹത്തോട് മാപ്പു പറയാനും…

Posted by Sunil Elayidom on Sunday, July 14, 2019