അലവലാതിഷാജിക്ക് പിന്നാലെ പാകിസ്ഥാന്‍ വിളിക്ക് പിന്തുണ പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ #തൊരപ്പന്‍രാജീവ് ക്യാമ്പെയിന്‍
ടൈംസ് നൗ ചാനലിന്റെ പാകിസ്ഥാന് പരാമര്ശത്തെ പിന്തുണച്ച് സ്മൈലി ട്വീറ്റ് ചെയ്ത രാജീവ് ചന്ദ്രശേഖറിനെതിരെ മലയാളികളുടെ ട്രോള് ആക്രമണം. തൊരപ്പന്രാജീവ് എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില് ട്രോളിംഗ് ആരംഭിച്ചിരിക്കുന്നത്. അമിത് ഷായുടെ കേരള സന്ദര്ശനത്തില് ട്രെന്ഡിംഗ് ആയി മാറിയ അലവലാതി ഷാജി ക്യാമ്പെയിനു ശേഷം കനത്ത ട്രോള് വര്ഷമാണ് തൊരപ്പന്രാജീവ് ഹാഷ്ടാഗില് നിറയുന്നത്.
കേരള മുഖ്യമന്ത്രിയാകുകയാണ് തന്റെ ആഗ്രഹമെന്ന് ഒരിക്കല്‍ പറഞ്ഞത് ഈ വിധത്തില്‍ തിരിച്ചടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഒരിക്കലും വിചാരിച്ചു കാണില്ല.
ലക്ഷ്മി കാനാത്ത് എന്ന മലയാളി ട്വിറ്റര്‍ യൂസര്‍ കേരളത്തെ പാകിസ്ഥാന്‍ എന്ന് വിളിച്ചതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. അതിനു താഴെ സ്‌മൈലികള്‍ ട്വീറ്റ് ചെയ്തതോടെയാണ് ബിജെപി രാജ്യസഭാ എംപിയും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരിനെതിരെ പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തിയത്. പിന്നാലെ തൊരപ്പന്‍രാജീവ് എന്ന ഹാഷ്ടാഗും സജീവമാകുകയായിരുന്നു.