സണ്ണി ലിയോണ്‍ മുന്നേറുന്നുവെന്ന് അര്‍ണാബ്; എത്രവോട്ടിനാണെന്ന് സണ്ണി ലിയോണിയുടെ ട്രോള്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ റിപ്പബ്ളിക് ടിവി അവതാരകന് അര്‍ണബ് ഗോസ്വാമിയെ ട്രോളി സോഷ്യല്‍ മീഡിയ. സണ്ണി ഡിയോളിന് പകരം സണ്ണി ലിയോണ്‍ എന്ന അര്‍ണാബിന്റെ നാക്കുപിഴയാണ് ട്രോളിന് കാരണമായിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സണ്ണി ലിയോണ്‍ തന്നെ അര്‍ണാബിനെ കളിയാക്കി രംഗത്ത് വന്നു. എത്ര വോട്ടിനാണ് ഞാന്‍ മുന്നിട്ടു നില്‍ക്കുന്നതെന്നായിരുന്നു സണ്ണിയുടെ പ്രതികരണം.
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് അബദ്ധം സംഭവിച്ചത്. സ്വസിദ്ധമായ ശൈലിയില്‍ വലിയ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അര്‍ണാബ് ലീഡ് ഉയര്‍ന്നതായി വാര്‍ത്ത അതിവേഗത്തില്‍ പ്രേക്ഷകരോട് സംവദിക്കാന്‍ ശ്രമിച്ചതാണ് അബദ്ധം പിണയാന്‍ കാരണം.