പൊന്നാനി ബീച്ചിലെ മണല്‍തിട്ട സംഘപരിവാര്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ രാമസേതു! വീഡിയോ
കൊച്ചി: പൊന്നാനി ബീച്ചിലെ മണല്ത്തിട്ടയെക്കുറിച്ച് വ്യാജ പ്രചാരണവുമായി സംഘപരിവാര് അനുകൂല ട്വിറ്റര് ഹാന്ഡില്. ശ്രീരാമന് രാവണനെ വധിക്കാനായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്ത സമയത്ത് നിര്മ്മിച്ച രാമസേതുവാണ് മണല്ത്തിട്ടയെന്നായിരുന്നു പ്രചാരണം. വ്യാജ പ്രചാരണത്തിനെതിരെ സോഷ്യല് മീഡിയ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്സള്ട്ടന്റ് എന്നവകാശപ്പെടുന്ന രവി രഞ്ജന് എന്നയാളാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
രാമസേതു വെറുമൊരു ഐതിഹ്യമല്ലെന്നും അതിന് തെളിവായി പൊന്നാനി മണല്‍ത്തിട്ടയുടെ വീഡിയോയും ഇയാള്‍ ഷെയര്‍ ചെയ്യുന്നു. മിനിറ്റുകള്‍ക്കകം വീഡിയോ വൈറലാവുകയും ചെയ്തു. പതിനായിരത്തിലേറെ ആളുകളാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തത്. ഫെയിസ്ബുക്കിലും സമാന പ്രചാരണം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വൈറലായതോടെ വ്യാജ പ്രചാരണത്തിനെതിരെ നവ മാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഈ വീഡിയോ ചിത്രീകരിച്ച വ്യക്തിയായ മലയാളി അഭിലാഷിന്റെ ഫോണ്‍ നമ്പര്‍ വാട്ടര്‍ മാര്‍ക്കായി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിരവധി കോളുകളാണ് അഭിലാഷിന് വന്നുകൊണ്ടിരിക്കുന്നത്. രാമസേതുവല്ല ഇതെന്ന് വ്യക്തമാക്കി അഭിലാഷ് തന്നെ രംഗത്ത് വന്നിട്ടും വീഡിയോ പിന്‍വലിക്കാന്‍ രവി രഞ്ജന്‍ തയ്യാറായിട്ടില്ല.