യതിയെ കണ്ടെത്തിയെന്ന് ഇന്ത്യന്‍ ആര്‍മി; ട്രോള്‍പൂരവുമായി സോഷ്യല്‍ മീഡിയ
കൊച്ചി: കഥകളിലെ ഭീകരരൂപിയായ മഞ്ഞു മനുഷ്യന്റെ കാല്‍പാടുകള്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യം. നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി സേന അവകാശപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 9ന് സേനയുടെ പര്‍വതാരോഹക സംഘമാണ് അപൂര്‍വ്വ കാല്‍പ്പാടുകള്‍ കണ്ടെത്തിയതെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നുണ്ട്.
മഞ്ഞില്‍ ജീവിക്കുന്നുവെന്ന പറയപ്പെടുന്ന യതിയെക്കുറിച്ച് ഇതുവരെ യാതൊരു ശാസ്ത്രീയ തെളിവോ വിശദീകരണമോ ലഭിച്ചിട്ടില്ല. സൈന്യത്തിന്റെ ട്വീറ്റ് പുറത്തുവന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്. അമര്‍ചിത്ര കഥയിലെ ഹിമ ജീവിയെക്കുറിച്ച് ഒരു ശാസ്ത്രീയ തെളിവും ലഭ്യമാകാതെ സൈന്യം എങ്ങനെ കാല്‍പ്പാടുകള്‍ യതിയുടെതെന്ന് ഉറപ്പിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കൂടാതെ ഈ കാല്‍പ്പാടുകള്‍ മഞ്ഞില്‍ ഉപയോഗിക്കുന്ന സ്‌കെയിറ്റിംഗ് ഉപകരണത്തിന്റെ അടയാളമാണെന്നാണ് ചിലര്‍ നല്‍കുന്ന വിശദീകരണം.
കഥകളിലെ യതി എന്താണ് പെട്ടെന്ന് ഒറ്റക്കാലനായി പോയതെന്നും ചിലര് പരിഹസിക്കുന്നുണ്ട്. മഞ്ഞില്‍ ഉപയോഗിക്കുന്ന സ്‌കെയിറ്റിംഗ് ഉപകരണത്തിന്റെ പാടിന് സമാനമാണ് സൈന്യം പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. പകുതി മനുഷ്യനും പകുതി മൃഗവുമായി യതി നാടോടിക്കഥകളിലെ കഥാപാത്രമാണ്. നേപ്പാളില്‍ പ്രചാരത്തിലുള്ള കുട്ടിക്കഥകളില്‍ യതി സങ്കല്‍പ്പങ്ങളെക്കുറിച്ച് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വിശദീകരണങ്ങള്‍ കാണാം. എന്തായാലും യതിയെ കണ്ടെത്തിയെന്ന ഇന്ത്യന്‍ ആര്‍മിയുടെ കുറിപ്പ് കണക്കിന് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.