മാസങ്ങളായി ശമ്പളമില്ല; ചാനൽ പൂട്ടുന്നതായി ബ്രേക്കിംഗ് നൽകി ജേർണലിസ്റ്റുകളുടെ സമരം

മാസങ്ങളായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം സമരവാർത്ത ബ്രേക്കിംഗായി നൽകി ചാനൽ തൊഴിലാളികളുടെ പ്രതിഷേധം. 'ശമ്പളം നൽകാത്തതിനാൽ ചാനൽ പൂട്ടുന്നു' എന്നായിരുന്നു ബ്രേക്കിംഗ് വാർത്ത.
 


ന്യൂഡൽഹി: മാസങ്ങളായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം സമരവാർത്ത ബ്രേക്കിംഗായി നൽകി ചാനൽ തൊഴിലാളികളുടെ പ്രതിഷേധം. ‘ശമ്പളം നൽകാത്തതിനാൽ ചാനൽ പൂട്ടുന്നു’ എന്നായിരുന്നു ബ്രേക്കിംഗ് വാർത്ത. ഹിന്ദി വാർത്താ ചാനലായ ന്യൂസ് പി 7 എന്ന ചാനലിലെ മാധ്യമപ്രവർത്തകരാണ് വ്യത്യസ്ത സമരവുമായി രംഗത്തെത്തിയത്. പിയേൾസ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ളതാണ് ചാനൽ. ശമ്പളം നൽകാതെ ചാനലിനെ അടച്ചു പൂട്ടി ഒളിവിൽ പോകാനാണ് ഡയറക്ടർ ശ്രമിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

വേതനം കിട്ടാതെ സമരത്തിലായിരുന്ന ചാനൽ തൊഴിലാളികളുടെ ക്ഷമ നശിച്ചതിനെ തുടർന്നാണ് സ്വന്തം ചാനലിൽ തന്നെ വേതന പ്രശ്‌നം ബ്രേക്കിംഗ് ന്യൂസായി നൽകി ഇവർ ചാനലിലെ പ്രക്ഷേപണം നിർത്തിവച്ചത്. ഇത് കൂടാതെ ചാനലിന്റെ ഡയറക്ടർ കേസർ സിങിനെ അദ്ദേഹത്തിന്റെ മുറിയിൽ ബന്ധിയിക്കുകയും ചെയ്തു. ശമ്പളം നൽകിയില്ലെങ്കിൽ മുറിയിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു മാധ്യമപ്രവർത്തകർ അദ്ദേഹത്തെ മുറിയിൽ തടഞ്ഞുവച്ചത്.

മണിക്കൂറുകൾ നീണ്ട പ്രശ്‌നങ്ങൾക്കിടെ ആരോ നോയിഡ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി കേസറിനെ മോചിപ്പിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. അനാവശ്യമായി കോടികൾ ചെലവവഴിക്കുന്ന ചാനൽ അധികാരികൾ ആത്മാർത്ഥമായി പണിയെടുക്കുന്ന മാധ്യമപ്രവർത്തകർക്ക് ശമ്പളം നൽകാൻ വിമുഖത കാണിക്കുന്നു എന്നും വേതനം ലഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്യുന്ന ജീവനക്കാർ ആരോപിച്ചു. നോയിഡ സെക്ടർ 57 ലുള്ള ചാനൽ ഓഫീസിലായിരുന്നു സമരം.

മാസങ്ങൾക്ക് മുൻപ് മലയാളം ന്യൂസ് ചാനലായ ഇന്ത്യാവിഷനിലും സമാന രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്ന് വാർത്ത നിർത്തുകയാണെന്ന് ബുള്ളറ്റിന്റെ അവസാനം അവതാരകൻ പറയുകയായിരുന്നു. തുടർന്ന് ഒരു പകൽ മുഴുവൻ ഇന്ത്യാവിഷനിൽ വാർത്താ ബുള്ളറ്റിനുകൾ നൽകാൻ ചാനൽ പ്രവർത്തകർ തയ്യാറായില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു.