മോഹൻ ഭഗവതിന്റെ പ്രസംഗം: ദൂരദർശൻ വിശദീകരണം നൽകി

ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്തതിന് വിശദീകരണവുമായി ദൂരദർശൻ രംഗത്ത്. വാർത്താ പ്രാധാന്യമുള്ളത് കൊണ്ടാണ് പരിപാടി സംപ്രേഷണം ചെയ്തതെന്ന് ദൂരദർശൻ വ്യക്തമാക്കി.
 

ന്യൂഡൽഹി: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്തതിന് വിശദീകരണവുമായി ദൂരദർശൻ രംഗത്ത്. വാർത്താ പ്രാധാന്യമുള്ളത് കൊണ്ടാണ് പരിപാടി സംപ്രേഷണം ചെയ്തതെന്ന് ദൂരദർശൻ വ്യക്തമാക്കി. ദൂരദർശൻ ഡയറക്ടർ അർച്ചന ദത്തയുടേതാണ് വിശദീകരണം.

ദൂരദർശനിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്ത നടപടി വിവാദത്തിലായതിന് പിന്നാലെയാണ് വിശദീകരണവുമായി ദൂരദർശൻ രംഗത്ത് വന്നത്. ആർ.എസ്.എസിന്റെ വിജയദശമി ദിന പ്രസംഗമാണ് ദൂരദർശൻ തൽസമയം സംപ്രേഷണം ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

ദൂരദർശന് പുറമെ ചില സ്വകാര്യ ചാനലുകളും ആർ.എസ്.എസ് പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ആർ.എസ്.എസ് പ്രസംഗത്തിൽ പറയുന്നു. ചൊവ്വാ ദൗത്യം, മംഗൾയാൻ വിജയത്തേയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.