വേനലൊഴിവിന്റെ കഥ പറയുന്ന മാംഗോ ചീക്ക്‌സ്, മെറ്റൽ ടീത്ത്

മുംബൈയിൽ ജനിച്ചു വളർന്ന മലയാളി അരുണ നമ്പ്യാരുടെ കന്നിനോവലാണ് മാംഗോ ചീക്ക്സ്,മെറ്റൽ ടീത്ത്. കേരളത്തിലെ അമ്പലക്കുന്ന് എന്ന ഗ്രാമത്തിൽ 1980കളിലെ ഒരു വേനൽക്കാലത്ത് നടക്കുന്ന കഥയാണിത്.
 | 
വേനലൊഴിവിന്റെ കഥ പറയുന്ന മാംഗോ ചീക്ക്‌സ്, മെറ്റൽ ടീത്ത്

മുംബൈയിൽ ജനിച്ചു വളർന്ന മലയാളി അരുണ നമ്പ്യാരുടെ കന്നിനോവലാണ് മാംഗോ ചീക്ക്‌സ്,മെറ്റൽ ടീത്ത്. കേരളത്തിലെ അമ്പലക്കുന്ന് എന്ന ഗ്രാമത്തിൽ 1980കളിലെ ഒരു വേനൽക്കാലത്ത് നടക്കുന്ന കഥയാണിത്.

മാധവൻ നായർ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നോവൽ പുരോഗമിക്കുന്നത്. ഇയാൾ തന്റെ ചെറിയ പട്ടണത്തിൽ വിജയകരമായി ഒരു ബിസിനസ്സ് നടത്തുന്നുണ്ട്. വലിയ ഒരു വീട്ടിൽ തന്റെ കൂട്ടകുടുംബത്തോടൊപ്പമാണയാൾ കഴിയുന്നത്. ഒരു നായ, പൂച്ച, രണ്ട് വേലക്കാർ തുടങ്ങിയവയും ഈ വീട്ടിൽ പരിവാരങ്ങളായുണ്ട്. എല്ലാ വേനൽക്കാലങ്ങളിലും അദ്ദേഹത്തിന്റെ പേരക്കുട്ടികൾ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാട്ടിലെത്താറുണ്ട്.

ഇങ്ങനെ ഒരു ട്രാക്കിൽ പോകുന്ന കഥയ്ക്ക് സമാന്തരമായി കുവൈത്ത് കണ്ണന്റെയും സുന്ദരിക്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ കൂടി നോവലിൽ ഇഴ ചേർക്കപ്പെടുന്നുണ്ട്. അമ്പലക്കുന്നിലെ പുതുപ്പണക്കാരാണിവർ. സാമ്പത്തിക ശേഷിയില്ലാതിരുന്ന കാലത്ത് മാധവൻ നായരുടെ വീട്ടിലെ അടുക്കളപ്പണിക്കാരിയായിരുന്നു സുന്ദരിക്കുട്ടി. എന്നാൽ കൈയിൽ നാല് കാശ് വന്നതോടെ അവളുടെ നിറം മാറി. വന്ന വഴി മറക്കുന്ന അഹങ്കാരിയായി അവൾ മാറി.

നോവലിന്റെ അന്തർധാരയായി മൂന്ന് കഥകൾ ഇഴചേർന്ന് കിടക്കുന്നുണ്ട്. മാധവൻ നായരുടെ മുംബൈയിൽ നിന്ന് വന്ന പേരക്കുട്ടികളിലൊരാളായ 11 വയസ്സുകാരി ഗീതയുടെയും ഒരു ടിപ്പിക്കൽ ഗൾഫ് മലയാളി കുടുംബമായ കണ്ണന്റെ കുടുംബത്തിന്റെയും കഥയാണ് അതിൽ ശ്രദ്ധേയമായവ. കുവൈത്ത് കണ്ണന്റെ മകൾ ബിന്ദുവിന്റെ വിവാഹം അമ്പലക്കുന്നിലെ മറ്റൊരു പണക്കാരനായ റേഷൻ രാമന്റെ മകനുമായി നിശ്ചയിച്ചിരിക്കുകയായിരുന്നു. തന്റെ സർവപ്രതാപങ്ങളും എടുത്തു കാണിക്കുന്ന വിധത്തിൽ മകളുടെ വിവാഹം നടത്താനായിരുന്നു കണ്ണന്റെ പദ്ധതി. ഇതിനിടെ കണ്ണന്റെ കൗമാരക്കാരനായ മകൻ മാധവൻ നായരുടെ വീട്ടിലെ വേലക്കാരിയുമായി അടുപ്പം കാണിക്കുന്നുമുണ്ട്.

നിർഭാഗ്യവശാൽ മകളുടെ വിവാഹമടുത്തു വരുന്ന വേളയിൽ കുവൈത്ത് കണ്ണന് വിദേശത്തുള്ള ജോലി നഷ്ടപ്പെടുന്നു. വിവാഹം മുടങ്ങുമെന്ന നിർണായകവേളയിൽ കണ്ണന്റെ ഭാര്യ സുന്ദരിക്കുട്ടി തന്റെ പഴയ മുതലാളിയായ മാധവൻ നായരുടെ ഭാര്യയുടെ അടുത്ത് സഹായമഭ്യർത്ഥിച്ചെത്തുന്നു. കണ്ണന്റെ മകൾ ബിന്ദുവിന്റെ വിവാഹത്തോടനുബന്ധിച്ചാണ് നോവലിലെ സംഭവബഹുലമായ മറ്റ് കാര്യങ്ങൾ അരങ്ങേറുന്നത്.

പതിനൊന്നുകാരിയായ ഗീതയെ കേന്ദ്രീകരിച്ചാണ് 1980കളിൽ അരങ്ങേറുന്ന ഈ കഥ പുരോഗതിക്കുന്നത്. ഇതിനു പുറമെ ഇന്ത്യയിലെ ഒരു ടിപ്പിക്കൽ വിവാഹത്തിൻരെ പശ്ചാത്തലവും അനുബന്ധ സംഗതികളും യഥാതദമായ രീതിയിൽ നോവലിൽ വരച്ചിട്ടിരിക്കുകയാണ് അരുണ നമ്പ്യാർ. രണ്ടു സ്ത്രീകളുടെ അഹംഭാവം നിറഞ്ഞ മാനസിക വ്യാപാരങ്ങൾ നോവലിന് മറ്റൊരു തലം പ്രദാനം ചെയ്യുന്നു.

ഒരു എഴുത്തുകാരിയും കോളമിസ്റ്റുമെന്ന നിലയിലുള്ള അരുണയുടെ പരിചയം നോവലിന് മുതൽക്കൂട്ടാകുന്നുണ്ട്. അനായാസമായാണ് ഹ്യൂമർ വരികളിൽ നിറഞ്ഞൊഴുകുന്നത്. നോവലിന്റെ ഏറ്റവും വലിയ ശക്തിയും ഇത് തന്നെയാണ്.

ഓരോ അധ്യായങ്ങളുമെടുത്ത് നോക്കുമ്പോൾ വായനാസുഖമുണ്ടെങ്കിലും ഒരു നോവലിന്റെ സമഗ്രതയിൽ അവയെ ഫലപ്രദമായി ബന്ധിപ്പിക്കാൻ അരുണയ്ക്ക് പൂർണമായും കഴിഞ്ഞുവോ എന്ന് സംശയിക്കുന്നതിൽ തെററില്ല. ചില സ്ഥലങ്ങളിൽ നോവൽ വലിച്ചു നീട്ടിയെഴുതിയ ഒരു കോളത്തിന്റെ നിലവാരത്തിലെത്തുന്നതേയുള്ളൂ. എന്നാൽ 1980കളിലെ ഒരു മലയാളി ഗ്രാമത്തിലെ വേനലൊഴിവ് ചിത്രീകരിക്കുന്നതിൽ ഈ പുതിയ നോവലിസ്റ്റ് വിജയിച്ചുവെന്ന് തന്നെ പറയാം. ഇത് ചിത്രീകരിക്കുന്ന വരികളിലൂടെ കടന്ന് പോകുമ്പോൾ ഏത് മലയാളിയും തന്റെ മാങ്ങാച്ചുനക്കാലത്തേക്ക് എത്തിപ്പെടുമെന്നുറപ്പാണ്. 350 രൂപ വിലയുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ട്രാൻക്യുബാർ പ്രസ്സാണ്.