റെസ്റ്റ്‌ലെസ് ബേർഡ്‌സ്; നിഷ്‌കളങ്കതയുടെ ലോകം വിരിയിക്കുന്ന 10 വയസ്സുകാരിയുടെ കഥാസമാഹാരം

മധുരയിലെ 10 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി ഇ.റെഫ്ലിൻ എഴുതിയ കഥകളുടെ സമാഹാരമാണ് റെസ്റ്റ്ലെസ് ബേർഡ്സ്. മധുരയിലെ ടിവിഎസ് ലക്ഷ്മി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ കൊച്ചുകഥാകാരി പഠിക്കുന്നത്.
 | 
റെസ്റ്റ്‌ലെസ് ബേർഡ്‌സ്; നിഷ്‌കളങ്കതയുടെ ലോകം വിരിയിക്കുന്ന 10 വയസ്സുകാരിയുടെ കഥാസമാഹാരം

 

മധുരയിലെ 10 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനി ഇ.റെഫ്‌ലിൻ എഴുതിയ കഥകളുടെ സമാഹാരമാണ് റെസ്റ്റ്‌ലെസ് ബേർഡ്‌സ്. മധുരയിലെ ടിവിഎസ് ലക്ഷ്മി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഈ കൊച്ചുകഥാകാരി പഠിക്കുന്നത്. ഇക്കഴിഞ്ഞ ശിശുദിനത്തിന്റെ തലേദിവസമായിരുന്നു ഈ കഥാസമാഹാരത്തിന്റെ പ്രകാശനമരങ്ങേറിയത്. ഓർമ വച്ച നാൾ മുതൽ വായനയെ സ്‌നേഹിക്കാൻ തുടങ്ങിയ താൻ ഇപ്പോൾ എഴുത്തിനെയും അതുപോലെ സ്‌നേഹിക്കുന്നുണ്ടെന്നാണ് കൊച്ചു റെഫ്‌ലിൻ പറയുന്നത്. ഹൃദയത്തെ പിന്തുടർന്ന് ബുദ്ധിയെ അതിൽ നിക്ഷേപിച്ചാൽ എന്തും ചെയ്യാനാകുമെന്ന് ഈ വിദ്യാർത്ഥിനി സാക്ഷ്യപ്പെടുത്തുന്നു.

മാധുര്യമാർന്നതും ലളിതമാർന്നതുമായ ഭാഷയിൽ കഥ പറയുന്ന പുസ്തകമാണ് റെസ്റ്റ്‌ലെസ് ബേർഡ്‌സ്. അതിനനുസൃതമായ വികാരങ്ങളെയും കഥാപാത്രങ്ങളെയുമാണിതിൽ കൈകാര്യം ചെയ്യുന്നത്. എല്ലാം തികഞ്ഞ ഒരു ഇംഗ്ലീഷ് ഫിക്ഷൻ പുസ്തകമായി ഇതിനെ കാണാൻ കഴിയില്ലെങ്കിലും ഒരു ബാലികയുടെ സ്വാഭാവികമായ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന മൗലികത ഇതിനുണ്ട്. അവളുടെ ഭയം, ഉത്കണ്ഠ, വിശ്വാസം, പ്രതീക്ഷകൾ തുടങ്ങിയവ ഇതിൽ ചേതോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. എല്ലാവർക്കും തന്റെ പുസ്തകം ഇഷ്ടമാകില്ലെങ്കിലും ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് താൻ ഇതിലും നല്ലത് സൃഷ്ടിക്കാൻ ശ്രമിക്കുമെന്നാണ് പ്രകാശനച്ചടങ്ങിനിടെ റെഫ്‌ലിൻ പറഞ്ഞത്.

തന്റെ മാതാപിതാക്കളുടെ തികഞ്ഞ പിന്തുണയുള്ളതിനാലാണ് എഴുത്തുകാരിയാകാൻ സാധിച്ചതെന്നും റെഫ്‌ലിൻ പറയുന്നു. മകൾക്ക് വേണ്ടി ഓരോ ആഴ്ചയിലും പുതിയൊരു പുസ്തകം വാങ്ങിക്കൊടുക്കാറുണ്ടെന്ന് റെഫ്‌ലിന്റ അമ്മ ജെ. ഇൻപ റെജില വെളിപ്പെടുത്തി. അർധരാത്രി വരെ ഇരുന്ന് അവളത് വായിക്കുമെന്നും അവർ പറയുന്നു. റെഫ്‌ലിന്റെ പിതാവായ എഡ്വിനും നല്ലൊരു വായനക്കാരനാണ്. അച്ഛൻ വായിക്കുന്ന പുസ്തകങ്ങളിലെന്താണെന്നറിയാൻ താൻ ഓർമ വച്ച നാൾ മുതൽ ജിജ്ഞാസുവായിരുന്നുവെന്ന് റെഫ്‌ലിൻ വെളിപ്പെടുത്തി. ഒരു ദിവസം അച്ഛൻ വായിക്കുന്ന ഷെക്‌സിപിയറിന്റെ വിന്റേർസ് ടെയിൽ വേണമെന്ന് അവൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മകൾക്ക് വായനയിലുള്ള താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ അതിലേക്ക് നയിക്കാൻ മുൻകൈ എടുക്കുകയും ചെയ്തു.

റെഫ്‌ലിന്റെ പുസ്തകത്തിൽ നിറയെ ജീവിതമാണുള്ളതെന്നാണ് പ്രസാധകനായ നിക്കോളാസ് ഫ്രാൻസിസ് അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫ്രാൻസിസ് പബ്ലിക്കേഷനാണീ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റെഫ്‌ലിൻ തന്റ കന്നി പുസ്തകം രാജ്യത്തെ എഴുത്തുകാർക്കാണ് സമർപ്പിച്ചിരിക്കുന്നത്. ഭാവിയിൽ അവൾ കഴിവുറ്റ എഴുത്തുകാരുടെ ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രസാധകൻ പറയുന്നു. ഒരു അസാമാന്യ പ്രതിഭയാണ് റെഫ്‌ലിനെന്ന് അവൾ പഠിക്കുന്ന സ്‌കൂളിന്റെ ഡയറക്ടറായ ആർ. ശ്രീനിവാസൻ അഭിപ്രായപ്പെടുന്നുണ്ട്. റെഫ്‌ലിന്റെ കഥകൾ മറ്റു കുട്ടികൾ വായിക്കുന്നതിലൂടെ അവരെ പുതിയൊരു പഠനരീതിയിലേക്ക് നയിക്കാൻ സാധിക്കുന്നുമെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാരിയെന്നതിന് പുറമെ ചിത്രം വരയിലും പെയിന്റിംഗിലും റെഫ്‌ലിൻ കഴിവ് തെളിയിച്ചിട്ടുണ്ട്.