മൻമോഹൻ സിംഗിന്റെ മനോഗതങ്ങൾ വെളിപ്പെടുത്തുന്ന മകളുടെ പുസ്തകം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സ്ഥാനമൊഴിഞ്ഞതിന് ശേഷം വീണ്ടുമൊരിക്കൽ കൂടി വാർത്താ കേന്ദ്രമാകുന്നു. അദ്ദേഹത്തിന്റെ മകൾ ദാമൻ സിംഗ് രചിച്ച 'സ്ട്രിക്റ്റ്ലി പേഴ്സണൽ മൻമോഹൻ ആൻഡ് ഗുർഷരൻ' എന്ന പുസ്തകത്തിലൂടെ നടത്തിയ ചില വെളിപ്പെടുത്തലുകളിലൂടെയാണ് മൻമോഹൻ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ മാതാപിതാക്കളുമായി നടത്തിയ സംഭാഷണങ്ങളിലൂടെയും ചരിത്ര രേഖകളിൽ നിന്നും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ദാമൻ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
 | 
മൻമോഹൻ സിംഗിന്റെ മനോഗതങ്ങൾ വെളിപ്പെടുത്തുന്ന മകളുടെ പുസ്തകം

 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സ്ഥാനമൊഴിഞ്ഞതിന് ശേഷം വീണ്ടുമൊരിക്കൽ കൂടി വാർത്താ കേന്ദ്രമാകുന്നു. അദ്ദേഹത്തിന്റെ മകൾ ദാമൻ സിംഗ് രചിച്ച ‘സ്ട്രിക്റ്റ്‌ലി പേഴ്‌സണൽ മൻമോഹൻ ആൻഡ് ഗുർഷരൻ’ എന്ന പുസ്തകത്തിലൂടെ നടത്തിയ ചില വെളിപ്പെടുത്തലുകളിലൂടെയാണ് മൻമോഹൻ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ മാതാപിതാക്കളുമായി നടത്തിയ സംഭാഷണങ്ങളിലൂടെയും ചരിത്ര രേഖകളിൽ നിന്നും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ദാമൻ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പിലാക്കിയ അടിയന്തിരാവസ്ഥയെക്കുറിച്ച് ശ്രദ്ധേയമായൊരു വെളിപ്പെടുത്തലാണ് മൻമോഹൻ ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. അടിയന്തിരാവസ്ഥ തന്നെ സംബന്ധിച്ചിടത്തോളം വിസ്മയകരമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് ഭീതിയാണ് പ്രധാനം ചെയ്തത്. രാജ്യത്ത് നിരവധി അറസ്റ്റുകളും തടഞ്ഞുവയ്ക്കലുകളും ഉണ്ടാക്കിയ കാലമായിരുന്നു അതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഗവൺമെന്റ് ജീവനക്കാരെ അടിയന്തിരാവസ്ഥ എങ്ങനെയാണ് ബാധിച്ചതെന്ന മകളുടെ ചോദ്യത്തിനും അദ്ദേഹം ഈ പുസ്തകത്തിലൂടെ മറുപടി നൽകുന്നുണ്ട്.

ഉദ്യോഗസ്ഥ തലത്തിൽ കണിശതയും കൃത്യതയും ഉറപ്പാക്കാൻ അടിയന്തിരാവസ്ഥയിലൂടെ സാധിച്ചുവെന്നും അതുവഴി ചില നല്ല കാര്യങ്ങൾക്ക് വഴിയൊരുങ്ങിയെന്നുമാണ് സിംഗ് പറയുന്നത്. എന്നാൽ രാജ്യമാകമാനമുള്ള അവസ്ഥ പേടി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കുടുംബാസൂത്രണം പോലുള്ള കാര്യങ്ങൾ രാജ്യത്ത് വേണ്ടവിധം നടപ്പിലാക്കാത്തത് ചില പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും സിംഗ് അഭിപ്രായപ്പെടുന്നു.

പുസ്തകത്തിലെ മറ്റൊരു ശ്രദ്ധേയമായ പരാമർശം സഞ്ജയ് ഗാന്ധിയെപ്പറ്റിയാണ്. അസാധാരണ നേതൃപാടവമുള്ള വ്യക്തിയായിരുന്നു സഞ്ജയ്. അതിലുപരി ക്രിയാത്മകമായ സ്വാധീനശക്തിയായി വർത്തിക്കാനും സഞ്ജയ്ക്ക് കഴിഞ്ഞുവെന്ന് മൻമോഹൻ വെളിപ്പെടുത്തുന്നു. അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തിൽ വന്ന മൊറാർജി ദേശായി സംശയത്തിന്റെ നിഴലിലുള്ള നിരവധി ഉദ്യോഗസ്ഥൻമാരെ പുറത്താക്കിയിരുന്നുവെങ്കിലും തനിക്ക് ജോലി നഷ്ടപ്പെട്ടില്ലെന്നും മുൻപ്രധാനമന്ത്രി പറയുന്നു.

രാഷ്ട്രീയകാര്യങ്ങൾക്കുപരിയായി മൻമോഹന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് കൂടി ഈ പുസ്തകം വെളിച്ചം വീശുന്നുണ്ട്. മൻമോഹനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അതിനെത്തുടർന്ന് അദ്ദേഹം ഒരു പ്രീമെഡിക്കൽ കോഴ്‌സിന് ചേരുകയും ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അതിൽ പൂർണമായും താൽപര്യം നശിച്ചതിനാൽ അദ്ദേഹം കോഴ്‌സ് ഉപേക്ഷിക്കുകയായിരുന്നു. 1948ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ രണ്ടു വർഷത്തെ എഫ്.എസ്.സി കോഴ്‌സിന് ചേർന്നുവെന്നും മെഡിസിൻ പഠിക്കാനുള്ള താൽപര്യം നശിച്ചതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നാണ് ദാമൻ എഴുതിയിരിക്കുന്നത്.

കോളജ് വിട്ടതിന് ശേഷം മൻമോഹൻ അച്ഛന്റെ കടയിൽ സഹായിയായി നിന്നിരുന്നു. എന്നാൽ വളരെ പുച്ഛത്തോടെയാണ് അച്ഛൻ ആ അവസരത്തിൽ തന്നോട് പെരുമാറിയിരുന്നതെന്ന് മൻമോഹൻ ഓർക്കുന്നു. തുടർന്ന് 1948 സെപ്റ്റംബറിൽ ഹിന്ദുകോളജിൽ ചേർന്ന് താൽപര്യമുള്ള വിഷയമായ ഇക്കണോമിക്‌സ് പഠിക്കുകയായിരുന്നു.

ദാരിദ്ര്യമെന്ന വിഷയത്തിൽ തനിക്കെന്നും താൽപര്യമുണ്ടായിരുന്നു. ചില രാജ്യങ്ങൾ സമ്പന്നതയിൽ വിരാജിക്കുമ്പോൾ മറ്റു ചില രാജ്യങ്ങൾ ദരിദ്രരായിത്തീരുന്നത് എന്തുകൊണ്ടാണെന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ് ഇക്കണോമിക്‌സിനെ താൻ ഇഷ്ടപ്പെട്ടതെന്ന് മൻമോഹൻ വെളിപ്പെടുത്തുന്നു.

പണമാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ തനിക്ക് ബോധ്യമായെന്നും സിംഗ് പറയുന്നു. അദ്ദേഹത്തിന്റെ ട്യൂഷൻ ഫീസായി വർഷം തോറും 600 പൗണ്ട് അടയ്ക്കണമായിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റി 160 പൗണ്ട് മാത്രമെ നൽകുമായിരുന്നുള്ളൂ. ബാക്കിയുള്ള തുകയ്ക്ക് മൻമോഹന് പിതാവിനെ ആശ്രയിക്കേണ്ടി വന്നു. ഇക്കാലത്ത് വളരെ അരിഷ്ടിച്ചാണ് തന്റെ പിതാവ് കഴിഞ്ഞിരുന്നതെന്ന് ദാമൻ എഴുതുന്നു.

ആളുകൾക്ക് ഇരട്ടപ്പേരിടുന്നത് മൻമോഹന് ഒരു വിനോദമാണെന്ന് മകൾ വെളിപ്പെടുത്തുന്നു. ഇതുപ്രകാരം തങ്ങളുടെ അമ്മാവൻമാർക്ക് ജോൺ ബാബു, ജ്വവൽബാബു, ചുൻജ് വാലെ തുടങ്ങിയ പേരുകളിട്ടിട്ടുണ്ട്. അമ്മയായ ഗുർഷരനിനെ അച്ഛൻ ഗുരുദേവ് എന്നാണ് വിളിക്കുന്നത്. താനടക്കമുള്ള മൂന്ന് മക്കൾക്കും അച്ഛൻ ഇരട്ടപ്പേരിട്ടിട്ടുണ്ടെന്നും ദാമൻ എഴുതിയിരിക്കുന്നു. കിക്ക്, ലിറ്റിൽ നോൻ, ലിറ്റിൽ രാം എന്നിവയാണവ.

മാതാപിതാക്കൻമാരോട് നടത്തിയ സംഭാഷണങ്ങൾക്കുപരിയായി വിശദമായ ഗവേഷണങ്ങൾ കൂടി നടത്തിയാണ് ദാമൻ സിംഗ് ഈ പുസ്തകം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഹാപ്പർകോളിൻസ് ഇന്ത്യയാണ് പ്രസാധകർ.