സംഘപരിവാർ പ്രതിഷേധം; പെരുമാൾ മുരുഗൻ എഴുത്തു നിർത്തുന്നു

സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് എഴുത്തു നിർത്തുകയാണെന്ന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. 2010ൽ പ്രസിദ്ധീകരിച്ച 'മാതൊരുഭഗൻ' എന്ന നോവലിനെതിരെ ബി.ജെപി, ആർ.എസ്.എസ് സംഘടനകൾ രംഗത്തെത്തിയിരുന്നു.
 | 

സംഘപരിവാർ പ്രതിഷേധം; പെരുമാൾ മുരുഗൻ എഴുത്തു നിർത്തുന്നു
ചെന്നൈ: സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് എഴുത്തു നിർത്തുകയാണെന്ന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. 2010ൽ പ്രസിദ്ധീകരിച്ച ‘മാതൊരുഭഗൻ’ എന്ന നോവലിനെതിരെ ബി.ജെപി, ആർ.എസ്.എസ് സംഘടനകൾ രംഗത്തെത്തിയിരുന്നു. നോവലിലെ വിവാദഭാഗങ്ങൾ നീക്കാമെന്ന് അറിയിച്ചിട്ടും ഭീഷണി തുടരുന്നതിനാൽ ഇനി എഴുതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. സാഹിത്യ സംബന്ധമായ പരിപാടികളിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

‘പെരുമാൾ മുരുഗൻ എന്ന എഴുത്തുകാൻ മരിച്ചിരിക്കുന്നു. താൻ ദൈവമല്ല, ഒരു സാധാരണ അധ്യാപകനാണ്. ഇനി ഉയിർത്തെഴുനേൽക്കാനും പോകുന്നില്ല’ പെരുമാൾ ഫേസ്ബുക്കിൽ പറയുന്നു. ഇപ്പോൾ വിവാദമായ നോവൽ അടക്കമുള്ള മുഴുവൻ സാഹിത്യ കൃതികളും പിൻവലിക്കുന്നു. പ്രസാധകർക്കുണ്ടായ നഷ്ടപരിഹാരം നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടിലെ തിരുച്ചങ്കോട് കൈലാസനാഥർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അർദ്ധനാരീശ്വരനേയും ക്ഷേത്രത്തിലെ വിശ്വാസികളായ സ്ത്രീകളേയും കുറിച്ചുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. അർദ്ധനാരീശ്വരൻ എന്നാണ് മാതൊരുഭഗൻ എന്ന വാക്കിന്റെ അർത്ഥം.പഴയ കാലത്തിന്റെ കഥ പറയുന്ന നോവലിൽ ക്ഷേത്രത്തിലെ ആചാരങ്ങളും പ്രതിപാദിക്കുന്നുണ്ട്.

നോവൽ നിരോധിക്കണമെന്നും എഴുത്തുകാരനെ അറസ്റ്റ് ചെയ്യണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിനിടെ നോവലിന്റെ കോപ്പികളും കത്തിച്ചു. സംഘപരിവാർ സംഘടനകളുടെ നീക്കത്തിനെതിരെ തമിഴ് എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഒരു മാസത്തോളമായി വധഭീഷണി മുഴക്കിക്കൊണ്ടുള്ള നിരവധി ഫോൺകോളുകൾ വന്നതായും പെരുമാൾ പറഞ്ഞിരുന്നു.

2013 ൽ ഈ പുസ്തകം ‘വൺ പാർട്ട് വുമൺ’ എന്ന പേരിൽ പെൻഗ്വിൻ ഇന്ത്യ ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. മാതൊരുഭഗനുൾപ്പെടെ ഏഴ് നോവലുകളുടെ രചയിതാവാണ് പെരുമാൾ മുരുഗൻ. നാമക്കൽ ഗവൺമെന്റ് ആർട്‌സ് കോളേജിലെ തമിഴ് പ്രൊഫസറാണ് അദ്ദേഹം.