ലൗവ് ഡോസുമായി ഹണി സിംഗ്
യോ യോ ഹണി സിംഗിന്റെ ദേശീ കലാകാർ എന്ന ആൽബത്തിലെ രണ്ടാംഗാനം ലൗവ് ഡോസിന്റെ വീഡിയോ പുറത്തിറങ്ങി. ആദ്യ ഗാനത്തെ അപേക്ഷിച്ച് കൂടുതൽ മികച്ചതാണ് രണ്ടാമത്തെ ഗാനം എന്നാണ് നിരൂപകരുടെ വിലയിരുത്തൽ. ആദ്യ ഗാനത്തിൽ അഭിനയിക്കാൻ ഹണി തെരഞ്ഞെടുത്തത് ബോളീവുഡ് താരം സോനാക്ഷി സിൻഹയെയായിരുന്നു എങ്കിൽ രണ്ടാം ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇന്ത്യൻ മോഡലിങ്ങ് ലോകത്തെ സൂപ്പർ മോഡൽ ഉർവ്വശി റൗട്ടേലയാണ്.
ഹണി സിംഗും, ലിൽ ഗോലുവും ചേർന്നെഴുതിയിരിക്കുന്ന വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് ഹണി സിംഗ് തന്നെയാണ്. ടീ സീരിസിന്റെ ബാനറിൽ ഭൂഷൺ കുമാറാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതുവരെ 6.6 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ഹണിയുടെ ഏറ്റവും പുതിയ സംഗീത ആൽബമാണ് ദേശീകലാകാർ. പതിനൊന്ന് പാട്ടുകളുള്ള ആൽബത്തിന്റെ എല്ലാ പാട്ടുകളുടേയും ഓഡിയോ പുറത്തിറങ്ങിയെങ്കിലും രണ്ട് ഗാനങ്ങളുടെ മാത്രമേ വീഡിയോ പുറത്തിറങ്ങിയിട്ടുള്ളു.