ഗീതു മോഹൻദാസ് ചിത്രം ഓസ്‌കാറിലേക്ക്

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ലയേർസ് ഡയസ്' ഓസ്കാറിലേക്ക്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. നവാസുദിൻ സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗീതുവിന്റെ ഭർത്താവും സംവിധായകനുമായ രാജീവ് രവിയാണ് ക്യാമറ ചെയ്തത്.
 | 

ന്യൂഡൽഹി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ലയേർസ് ഡയസ്’ ഓസ്‌കാറിലേക്ക്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. നവാസുദിൻ സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗീതുവിന്റെ ഭർത്താവും സംവിധായകനുമായ രാജീവ് രവിയാണ് ക്യാമറ ചെയ്തത്.

ബൾഗേറിയ സോഫിയ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്‌കാരത്തിന് ലയേർസ് ഡയസ് അർഹമായിരുന്നു. സൺ ഡാൻസ് ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ലയേർസ് ഡയസ്’ ഗീതു മോഹൻദാസിന്റെ ആദ്യത്തെ ഫീച്ചർ സിനിമയാണ്. ഗീതു സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്തോ-ടിബറ്റൻ അതിർത്തിയിലെ ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. ജോലി തേടിപ്പോയി മടങ്ങി വരാത്ത ഭർത്താവിനെ തേടി, മകളും അവളുടെ ആട്ടിൻകുട്ടിയുമായി കമല എന്ന യുവതിയും, അവർക്കിടയിലേയ്ക്ക് ദുരൂഹമായി കടന്നുവരുന്ന സഹയാത്രികൻ നവാസുദ്ദീനും നടത്തുന്ന യാത്രയാണ് ഇതിവൃത്തം.