ജെയിംസ് ബോണ്ട് സിനിമയുടെ സ്‌ക്രിപ്റ്റ് മോഷണം പോയി

ജെയിംസ് ബോണ്ട് ചിത്രം 'സ്പെക്റ്റർ' പുറത്തിറങ്ങും മുൻപ് വില്ലൻ പണിപറ്റിച്ചു. സിനിമയിലെ വില്ലനെക്കുറിച്ചല്ല പറയുന്നത്. ജെയിംസ് ബോണ്ട് സീരീസിലെ 24 ാം ചിത്രമായ സ്പെക്ടറിന്റെ തിരക്കഥ മോഷ്ടിച്ച വില്ലനാണ് ഇവിടെ യഥാർത്ഥത്തിൽ വില്ലനായിരിക്കുന്നത്.
 | 
ജെയിംസ് ബോണ്ട് സിനിമയുടെ സ്‌ക്രിപ്റ്റ് മോഷണം പോയി

 

ലോസ് ഏഞ്ചൽസ്: ജെയിംസ് ബോണ്ട് ചിത്രം ‘സ്‌പെക്റ്റർ’ പുറത്തിറങ്ങും മുൻപ് വില്ലൻ പണിപറ്റിച്ചു. സിനിമയിലെ വില്ലനെക്കുറിച്ചല്ല പറയുന്നത്. ജെയിംസ് ബോണ്ട് സീരീസിലെ 24 ാം ചിത്രമായ സ്‌പെക്ടറിന്റെ തിരക്കഥ മോഷ്ടിച്ച വില്ലനാണ് ഇവിടെ യഥാർത്ഥത്തിൽ വില്ലനായിരിക്കുന്നത്. സോണി സ്റ്റുഡിയോയിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന തിരക്കഥയാണ് സൈബർ ആക്രമണത്തിലൂടെ മോഷ്ടിക്കപ്പെട്ടത്. ഹാക്കർ പിന്നീട് ഇത് പരസ്യമാക്കുകയും ചെയ്തു.

തിരക്കഥയുടെ ആദ്യ ഭാഗങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു. ഇതിന് യു.കെയുടെ പകർപ്പാവകാശമുണ്ടെന്നും ഇയോൺ പ്രൊഡക്ഷൻസ് കമ്പനി അറിയിച്ചു. ഹാക്കറിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.

ഡാനിയൽ ക്രേഗ് നായകനാകുന്ന ചിത്രം 2015 നവംബറിൽ പുറത്തിറക്കാനിരിക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിൽ വെളിപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസം ഷൂട്ടിങും ആരംഭിച്ചു. അതേസമയം, സ്‌ക്രിപ്റ്റ് മോഷണത്തോടെ സോണി സ്റ്റുഡിയോ നിർമ്മാണം നിർത്തിവച്ചു എന്നുള്ള വാർത്തകൾ തെറ്റാണെന്ന് കമ്പനി വക്താവ് റോബർട്ട് ലോസൺ പറഞ്ഞു.