മതമാണ് ഇങ്ങനെ ചെയ്യിച്ചതെങ്കില്‍ ഇത് നിങ്ങള്‍ക്ക് ചേര്‍ന്ന സ്ഥലമല്ല; സൈറ വസീമിന് സിദ്ധാര്‍ത്ഥിന്റെ മറുപടി

മതവിശ്വാസം നഷ്ടമാകുന്നതിനാല് അഭിനയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച സൈറ വസീമിന് നടന് സിദ്ധാര്ത്ഥിന്റെ മറുപടി.
 | 
മതമാണ് ഇങ്ങനെ ചെയ്യിച്ചതെങ്കില്‍ ഇത് നിങ്ങള്‍ക്ക് ചേര്‍ന്ന സ്ഥലമല്ല; സൈറ വസീമിന് സിദ്ധാര്‍ത്ഥിന്റെ മറുപടി

മതവിശ്വാസം നഷ്ടമാകുന്നതിനാല്‍ അഭിനയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച സൈറ വസീമിന് നടന്‍ സിദ്ധാര്‍ത്ഥിന്റെ മറുപടി. മതമാണ് അഭിനയം നിര്‍ത്തുന്നതിന് പ്രേരിപ്പിച്ചതെങ്കില്‍ കല നിങ്ങള്‍ക്ക് ചേര്‍ന്നയിടമല്ലെന്ന് ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ കലയും നമ്മുടെ പ്രൊഫഷനുമാണ് നമ്മുടെ ജീവിതമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്താനാണ് നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ മതമാണ് ഇപ്രകാരം ചെയ്യിച്ചതെങ്കില്‍ നിങ്ങള്‍ ഈയിടത്തിന് ചേര്‍ന്നതല്ലെന്ന് ട്വീറ്റ് പറയുന്നു.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി സൈറ വസീം അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം നീണ്ട അഭിനയ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സൈറ പറഞ്ഞു. അഭിനേതാവെന്ന നിലയിലുള്ള തന്റെ വ്യക്തിത്വം ഒട്ടും സന്തോഷം നല്‍കുന്നില്ലെന്നും വിശ്വാസത്തില്‍ നിന്ന് അകലുകയാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം വ്യക്തമാക്കി. ബോളിവുഡില്‍ കാലുകുത്തിയതിനു ശേഷം തന്റെ ജീവിതം മാറി. ഒട്ടേറെ ആരാധകര്‍ തനിക്കുണ്ടായി. യുവാക്കള്‍ക്ക് ഒരു റോള്‍ മോഡല്‍ എന്ന വിധത്തിലൊക്കെ തന്ന എടുത്തു കാണിക്കാന്‍ തുടങ്ങി. എന്നാല്‍ അതൊന്നുമായിരുന്നില്ല താന്‍ ആയിത്തീരാന്‍ ആഗ്രഹിച്ചിരുന്നത്.

ഇന്ന് അഭിനയ രംഗത്ത് അഞ്ചു വര്‍ഷം തികയ്ക്കുമ്പോള്‍ എന്റെ ഈ പുതിയ സ്വത്വത്തില്‍ അത്ര സന്തുഷ്ടയല്ലെന്ന് പറയേണ്ടി വരുന്നു. എനിക്ക് നന്നായി ഇണങ്ങുമെന്ന കരുതിയിരുന്ന ജീവിതശൈലി ഒട്ടും യോജിച്ചതല്ലെന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ്. ഇത് എന്റെ സ്ഥലമല്ല. ഒട്ടേറെ പിന്തുണ ഇവിടെനിന്ന് എനിക്ക് ലഭിച്ചെങ്കിലും എന്റെ വിശ്വാസത്തില്‍ നിന്ന് ഞാന്‍ അകലുകയായിരുന്നു. ഈമാന്‍ നഷ്ടമാകുന്ന പരിസരങ്ങളിലാണ് ജോലി തുടര്‍ന്നത്. ജീവിതത്തിലെ എല്ലാ ‘ബറാഖയും’ എനിക്ക് നഷ്ടമായി.

നഷ്ടമായ ഈമാന്‍ തിരിച്ചു പിടിക്കുമെന്ന് എന്റെ ആത്മാവിനെ ബോധ്യപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലായിരുന്നു ഇതുവരെയെന്നും സൈറ കുറിക്കുന്നു. ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സൈറയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.