Sunday , 31 May 2020
News Updates

‘ചോദ്യം ചോദിക്കുന്ന’ മാധ്യമപ്രവര്‍ത്തകര്‍ രാജ്യദ്രോഹികള്‍! സംഘപരിവാര്‍ ആശയങ്ങള്‍ പിന്തുടര്‍ന്ന് കങ്കണ

ബോളിവുഡ് ബോക്‌സോഫീസില്‍ വലിയ വിജയം നേടിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ റണാവത്ത് എന്ന് നടി സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിക്കുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളെ തിരശീലയിലെത്തിച്ചു. ക്വീനിലെ കഥാപാത്രത്തിന് ദേശീയ പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും കങ്കണയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ രാഷ്ട്രീയപരമായ പ്രസ്താവനകളിലൂടെയും താരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തീവ്രദേശീയതയും ബി.ജെ.പി അനുഭാവവും പരസ്യമായി പ്രകടിപ്പിക്കാനും കങ്കണ മടികാണിക്കാറില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കങ്കണ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്യങ്ങള്‍ ഇവിടെകൊണ്ട് മാത്രം അവസാനിച്ചില്ല. സിനിമാ മേഖലയിലുള്ള കലാകാരന്‍മാരും തീവ്രദേശീയ മനോഭാവം സൂക്ഷിക്കുന്നവരാകണമെന്ന് നിലപാടാണ് കങ്കണ പിന്നീട് സ്വീകരിച്ചത്. ഉറി ആക്രമണത്തിന് ശേഷം ഷബാന ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ രൂക്ഷ പ്രതികരണമായിരുന്നു കങ്കണ നടത്തിയത്. പാകിസ്ഥാനെതിരെ അതിരൂക്ഷമായ പ്രതികരണം മുന്‍പും കങ്കണ നടത്തിയിട്ടുണ്ട്.

‘ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ’ എന്ന സിനിമയുടെ പ്രെമോഷന്‍ പരിപാടിക്കിടെ ഈ വിഷയത്തില്‍ ചോദ്യവുമായി ഒരു മാധ്യമ പ്രവര്‍ത്തകനെത്തിയതോടെ കങ്കണ കുഴപ്പത്തിലായി. ഷബാന ആസ്മിയെ വിമര്‍ശിച്ച കങ്കണ സിനിമ എന്തിന് പാകിസ്ഥാനില്‍ റിലീസിനെത്തിയെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെ രംഗം വഷളായി. കങ്കണ മാധ്യമ പ്രവര്‍ത്തകനെതിരെ അകാരണമായി ആരോപണങ്ങളുന്നയിച്ചു. തെളിവുകള്‍ ചോദിച്ചപ്പോള്‍ കൈമലര്‍ത്തി. സ്റ്റാര്‍ പരിവേഷം ഉപയോഗിച്ച് അക്ഷാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകനെ അപമാനിക്കുകയായിരുന്നു കങ്കണ ചെയ്തത്.

 

സത്യത്തില്‍ തീവ്ര ദേശീയവാദത്തിന്റെ പേരില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ കങ്കണ ഇതേ ചോദ്യം തിരികെ വന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു ചെയ്തത്. മാധ്യമ പ്രവര്‍ത്തകന് നേരിട്ട അപമാനത്തിന്റെ പേരില്‍ നടിക്കെതിരെ എന്റര്‍ടെയിന്‍മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘടന ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസിലായപ്പോള്‍ സംഘപരിവാറിന്റെ തുറുപ്പുചീട്ടായ ‘രാജ്യദ്രോഹി ആരോപണം’ ഉന്നയിച്ച് തടിതപ്പാനുള്ള ശ്രമത്തിലാണ് കങ്കണ.

അതേസമയം സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയ നിര്‍മ്മാതാക്കള്‍ മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുകയും ചെയ്തു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച, ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായും താന്‍ മാറിയതെന്നും കങ്കണ അവകാശപ്പെട്ടു. രാജ്യദ്രോഹികളായ ഇത്തരക്കാരെ വിലയ്ക്ക് വാങ്ങാന്‍ 60 രൂപ മതിയെന്നായിരുന്നു മറ്റൊരു വാദം. എന്തായാലും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചതോടെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയാണ് കങ്കണ ഉപയോഗിക്കുന്നത്.

ബി.ജെ.പിയുടെ ആശയങ്ങളെ പ്രത്യക്ഷമായി പിന്തുണയ്ക്കുന്ന കങ്കണയ്ക്ക് ബോളിവുഡില്‍ നിരവധി എതിരാളികളുണ്ട്. പ്രത്യക്ഷമായി സഹപ്രവര്‍ത്തകരുമായി കങ്കണ വാഗ്വാദത്തിന് വരെ മുതിര്‍ന്നിരുന്നു. എന്തായാലും സംഘപരിവാറിന്റെ അവസാന വിദ്വേഷ ആയുധവും ഇത്തവണ കങ്കണയുടെ രക്ഷയ്‌ക്കെത്തില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

DONT MISS