വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റിൽ റെയ്ഡ്: കൊക്കെയിനുമായി നടൻ ഷൈൻ ടോം ചാക്കോയും മൂന്ന് മോഡലുകളും പിടിയിൽ

10 ലക്ഷത്തിന്റെ കൊക്കെയിനുമായി യുവനടൻ ഷൈൻ ടോം ചാക്കോയെ പോലീസ് പിടികൂടി. രാവിലെ കടവന്ത്രയിലെ ഫ്ളാറ്റിൽ നിന്നാണ് ഷൈനും നാല് സ്ത്രീകളുമടക്കമുള്ളവരെ പോലീസ് പിടികൂടിയത്. ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളാറ്റ്.
 | 

വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റിൽ റെയ്ഡ്: കൊക്കെയിനുമായി നടൻ ഷൈൻ ടോം ചാക്കോയും മൂന്ന് മോഡലുകളും പിടിയിൽ
കൊച്ചി: 
10 ലക്ഷത്തിന്റെ കൊക്കെയിനുമായി യുവനടൻ ഷൈൻ ടോം ചാക്കോയെ പോലീസ് പിടികൂടി. രാവിലെ കടവന്ത്രയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഷൈനും നാല് സ്ത്രീകളുമടക്കമുള്ളവരെ പോലീസ് പിടികൂടിയത്. ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്.

സഹസംവിധായികയായ ബ്ലസി, മോഡലുകളായ ടിൻസി, രേഷ്മ, ദുബായ് ട്രാവൽ മാർട്ട് ഉടമ സ്‌നേഹ എന്നീ മോഡലുകളുമാണ് ഷൈനൊപ്പമുണ്ടായിരുന്നത്. പത്ത് ഗ്രാം കൊക്കെയിൻ ഇവരിൽ നിന്ന് കണ്ടെത്തി.

ഇന്ന് പുലർച്ചെ മൂന്നോടെയാണ് പോലീസ് ഫ്‌ളാറ്റിൽ മിന്നൽ പരിശോധന തുടങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നിസാമിന്റെ ഫ്‌ളാറ്റിൽ പോലീസ് റെയ്ഡിന് എത്തിയത്.

വർഷങ്ങളായി നിസാമിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടന്നു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ വൻ വ്യവസായികളും സിനിമാ മേഖലയിലുള്ളവരും അടക്കം നിരവധി പേരാണ് മയക്കുമരുന്ന് വിൽക്കുന്നതിനും വാങ്ങുന്നതിനും എത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പല വമ്പൻമാരും പിടിയിലാകുമെന്നാണ് സൂചന. നിസാമിന്റെ പേരിൽ എട്ടോളം ക്രമിനൽ കേസുകൾ നിലവിലുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 2.45നാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാൽ കാട്ടുങ്ങൽ ചന്ദ്രബോസി(47)നെ ഹമ്മർ ജീപ്പിടിച്ചു കൊലപ്പെടുത്താൻ കിംഗ് ബീഡി മാനേജിംഗ് ഡയറക്ടറും പുഴയ്ക്കൽപാടം ശോഭ സിറ്റിയിലെ താമസക്കാരനുമായ അടയ്ക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് നിസാം(38) ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് അമല ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ചന്ദ്രബോസിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. നിസാമിനെതിരേ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പത്തുവയസുള്ള മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ചതും, വാഹന പരിശോധനയ്‌ക്കെത്തിയ വനിതാ എസ.ഐയെ കൈയ്യേറ്റം ചെയ്തതടക്കമുള്ള കേസുകളിൽ നിസ്സാം പ്രതിയാണ്. ശോഭ സിറ്റിയിലുള്ള ഇയാളുടെ വീട്ടിലും തറവാട്ടിലും ഓഫീസിലുമെല്ലാം പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.എന്നാൽ അവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല. ശോഭ സിറ്റിയിൽനിന്ന് ആഡംബര കാറുകളുടെ ശേഖരം കണ്ടെത്തിയിരുന്നു. നിസാമിന്റെ സാമ്പത്തിക ശ്രോതസ്സിനെ കുറിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.