തന്റെ അടുത്ത സിനിമയേക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവക്കാൻ പ്രേക്ഷകർക്ക് ക്ഷണം; ബാലചന്ദ്രമേനോൻ പുതിയ പരീക്ഷണത്തിന്

ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കും മുൻപ് മാർക്കറ്റ് പഠനം നടത്തുന്നത് മികച്ച സ്ഥാപനങ്ങളുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. ഒരു കലാകാരൻ അങ്ങനെ അഭിപ്രായ സർവ്വേ നടത്തുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്തായാലും മലയാളത്തിൽ അത്തരമൊരു പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ.
 | 

തന്റെ അടുത്ത സിനിമയേക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവക്കാൻ പ്രേക്ഷകർക്ക് ക്ഷണം; ബാലചന്ദ്രമേനോൻ പുതിയ പരീക്ഷണത്തിന്
കൊച്ചി: ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കും മുൻപ് മാർക്കറ്റ് പഠനം നടത്തുന്നത് മികച്ച സ്ഥാപനങ്ങളുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. ഒരു കലാകാരൻ അങ്ങനെ അഭിപ്രായ സർവ്വേ നടത്തുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്തായാലും മലയാളത്തിൽ അത്തരമൊരു പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ.

ആറു വർഷമായി സംവിധാന രംഗത്ത് നിന്ന് മാറി നിൽക്കുന്ന മേനോൻ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. അടുത്ത വർഷം ഈ ചിത്രം പ്രതീക്ഷിക്കാമെന്നാണ് ഫേസ്ബുക്ക് പേജിൽ അദ്ദേഹം എഴുതുന്നത്. 35 സിനിമകൾ പൂർത്തിയാക്കിയ തനിക്ക് വിശ്രമം ആവശ്യമായിരുന്നു എന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. അതിനാലാണ് മാറിനിന്നത്. ഈ സമയമത്രയും ഇറങ്ങിയ എല്ലാ ചിത്രങ്ങളും കാണുകയായിരുന്നു.

അടുത്ത സിനിമയുടെ കഥയെ സംബന്ധിച്ച് ഒരു ധാരണയിലെത്തിക്കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിക്കുന്നു. ‘കുറച്ചുനാളായി എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരം ഈ ചിത്രം നൽകും എന്ന് എനിക്കുറപ്പുണ്ട്. സിനിമ ആൾക്കാരെ നന്നാക്കിയില്ലെങ്കിലും വഷളാക്കരുതെന്നും എന്റെ സിനിമ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും പേരക്കിടാങ്ങളും ഒരുമിച്ചു കാണണമെന്നുമുള്ള താൽപ്പര്യം ആണ് മനസിൽ മുന്നിട്ടു നില്ക്കുന്നത്. ഇവിടെ ഞാൻ ഒരു സൌഹൃദ ചർച്ചയെന്നോണം നിങ്ങളോട് ചോദിക്കട്ടെ…. എന്റെ അടുത്ത സിനിമയെക്കുറിച്ച് നിങ്ങളുടെ മനസ്സില് എന്താണ് ഉള്ളത്?’ മേനോൻ ഫേസ്ബുക്ക് പേജിൽ എഴുതി.

ചുരുങ്ങിയ വാക്കുകളിൽ പ്രതീക്ഷകൾ പങ്കുവക്കാനാണ് ബാലചന്ദ്രമേനോന്റെ ആഭ്യർത്ഥന. ഇത് തമാശയായി പ്രേക്ഷകർ എടുക്കില്ല എന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.