സുരേഷ് ഗോപി പാടിയ ഗാനം; മനസൊരു മഷിത്തണ്ട്

വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ പത്താമത് വാർഷികത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും ചേർന്ന് പുറത്തിറക്കുന്ന മഷിത്തണ്ട് എന്ന ചിത്രത്തിലെ ഗാനം മനസിലൊരു മഷിതണ്ട് പുറത്തിറങ്ങി.
 | 

വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ പത്താമത് വാർഷികത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും ചേർന്ന് പുറത്തിറക്കുന്ന മഷിത്തണ്ട് എന്ന ചിത്രത്തിലെ ഗാനം മനസിലൊരു മഷിതണ്ട് പുറത്തിറങ്ങി. പ്രശസ്ത നടൻ സുരേഷ് ഗോപിയാണ് മനസൊരു മഷിതണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജയകുമാർ ചെങ്ങമനാടിന്റെ വരികൾക്ക് ജിന്റോ ജോൺ തൊടുപുഴ ഈണം നൽകിയിരിക്കുന്നു.

കോളേജിലെ തന്നെ അധ്യാപകനായ അനീഷ് ഉറുമ്പിലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ ദുരിതത്തോടു മല്ലിട്ടു വിദ്യാഭ്യാസം നടത്തുന്ന ശങ്കു എന്ന കുട്ടിയുടേയും കൊച്ചിയിലെ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയായ കിരണിന്റേയൂം ജീവിതത്തിലെ ആശയസംഘർഷങ്ങളാണ് മഷിത്തണ്ടിന്റെ ഇതിവൃത്തം.

101 ചോദ്യങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ മിനോണാണ് ശങ്കുവായി എത്തുന്നത്. മിനോണിനെ കൂടാതെ സീമ ജി. നായർ, പ്രിയങ്ക, മങ്കിപെൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ മാസ്റ്റർ ആന്റണി, മാസ്റ്റർ ഓഗൻ, ജാനകി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് കുമാരി കൃഷ്ണ പദ്മകുമാർ, ബാബു പള്ളിപ്പാട്ട്, ജിന്റ, അരുൺ ജോർജ്, ദീപക് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ മന്ത്രി ഡോ. എം.കെ. മുനീർ, കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട എന്നിവർ അതിഥി താരങ്ങളായും മഷിത്തണ്ടിൽ എത്തുന്നുണ്ട്. സ്വർണം ഫിലിംസിന്റെ ബാനറിൽ അരുൺ ജോർജ് പുളിക്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.