സമകാലിക പശ്ചാത്തലത്തിൽ ‘ഞാൻ നിന്നോടു കൂടെയുണ്ട്’ പറയുന്നത്

പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ അഫ്സൽഗുരുവിനെ തൂക്കിലേറ്റിയ ഇന്ത്യൻ ജനാധിപത്യം വിപ്ലവം സ്വപ്നം കണ്ടതിന് മദനനെയും ദമനനെയും തൂക്കിലേറ്റുക തന്നെ ചെയ്യും എന്ന സംവിധായകന്റെ ഉറച്ച വിശ്വാസം ചിത്രത്തിന്റെ ക്ലൈമാക്സിൽ പ്രകടമാകുന്നുണ്ട്.
 | 

പി.ജിംഷാർ

സമകാലിക പശ്ചാത്തലത്തിൽ ‘ഞാൻ നിന്നോടു കൂടെയുണ്ട്’ പറയുന്നത്

ഞാൻ നിന്നോടുകൂടെയുണ്ട് എന്ന വാക്യത്തിൽ വിപ്ലവവും സ്വപ്‌നങ്ങളും ഇഴചേർന്ന് കിടക്കുന്നുണ്ട്. അപരവൽക്കരിക്കപ്പെടുന്ന ജനസമൂഹങ്ങളിൽ വിപ്ലവ സ്വപ്‌നങ്ങൾ പോലും കൊലക്കയറിലേക്കുള്ള വഴികളാകുമെന്ന് പ്രഖ്യാപിക്കുകയാണ് ഞാൻ നിന്നോടുകൂടെയുണ്ട് എന്ന പ്രിയനന്ദനൻ ചിത്രം. നെയ്ത്തുകാരനും പുലിജന്മവും പറഞ്ഞുവെച്ച വിപ്ലവവഴികളുടെ തുടർച്ചയും പുതുകാലത്തിന്റെ ആശങ്കകളുമാണ് ഈ ചിത്രത്തിലൂടെ പ്രിയനന്ദനൻ പങ്കുവെക്കുന്നത്. കൊടിവെച്ച കാറിൽ പോകുന്ന കള്ളന്മാരുടെ എണ്ണക്കൂടുതലിനെക്കുറിച്ചുള്ള കള്ളന്റെ പറച്ചിലിൽ തുടങ്ങുന്ന സിനിമ വർത്തമാനകാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അഴിമതിയിൽ അടിമുടി മുങ്ങിക്കുളിച്ച ധനകാര്യമന്ത്രി മാധ്യമങ്ങളിലൂടെ മാന്യനും അതിനെതിരെ പ്രതികരിച്ചവർ ക്രിമിനലുകളുമാകുന്ന കാലത്ത്, രണ്ട് കള്ളന്മാർ വിപ്ലവകാരികളാവുകയും അവരെ ഭരണകൂടം തൂക്കികൊല്ലുകയും ചെയ്യും.

പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ അഫ്‌സൽഗുരുവിനെ തൂക്കിലേറ്റിയ ഇന്ത്യൻ ജനാധിപത്യം വിപ്ലവം സ്വപ്‌നം കണ്ടതിന് മദനനെയും ദമനനെയും തൂക്കിലേറ്റുക തന്നെ ചെയ്യും എന്ന സംവിധായകന്റെ ഉറച്ച വിശ്വാസം ചിത്രത്തിന്റെ ക്ലൈമാക്‌സിൽ പ്രകടമാകുന്നുണ്ട്. കള്ളന്മാരാണെങ്കിലും ഞങ്ങൾ മനസാക്ഷിയുള്ളവരാണ് ആർക്കും വേണ്ടാത്ത മഞ്ഞലോഹം മാത്രമാണ് ഞങ്ങൾ മോഷ്ടിക്കുന്നതെന്ന ദമന-മദനന്മാരുടെ കാഴ്ചപ്പാടിൽ തന്നെ വിപ്ലവാംശം കുടികൊള്ളുന്നുണ്ട്. അക്ഷയ തൃതീയപോലുള്ള കപട ആചാരങ്ങൾ സൃഷ്ടിച്ചും പുഴയും മണ്ണും വെള്ളവും കൊള്ളയടിച്ചും മലബാർ ഗോൾഡ് അടക്കമുള്ള സ്വർണ്ണക്കച്ചവടക്കാർ നമ്മെ കൊള്ളയടിക്കുമ്പോൾ സ്വർണ്ണം ആവശ്യമില്ലാത്ത വസ്തുവാണെന്നുള്ള പ്രഖ്യാപനം തീർച്ചയായും പുരോഗമനപരവും വിപ്ലവാത്മകവും ആണ്.

ബംഗാളികളെയും ബീഹാറികളേയും എന്തിനേറെ ഒന്ന് ഇരിക്കാനുള്ള അവകാശം പോലും സ്ത്രീത്തൊഴിലാളികൾക്ക് നിഷേധിക്കുന്ന വർത്തമാനകാല കേരളത്തിൽ, മാണിസാറ് റെക്കോഡ് വേഗത്തിൽ ലഡുനുണയുന്ന ലാഘവത്തിൽ ബജറ്റ് അവതരിപ്പിച്ച കാലത്ത് ജീവിക്കേണ്ടി വന്ന ഹതഭാഗ്യരായ രണ്ട് കള്ളന്മാരാണ് ദമനനും മദനനും. തങ്ങളേക്കാൾ വലിയ കള്ളന്മാരാണ് കേരളത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നതും ഭരണം നടത്തുന്നതെന്നും പ്രസ്തുത കള്ളന്മാർക്ക് നിശ്ചയമുണ്ട്. ചുറ്റുമുള്ള സാഹചര്യത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളതുകൊണ്ട് തന്നെ കൊള്ളപ്പലിശക്കാരൻ കുരുവിളയുടെ വീട്ടിൽ കായംകുളം കൊച്ചുണ്ണി ലൈനിൽ മോഷണം നടത്താൻ ശ്രമിക്കുകയാണ് പ്രിയനന്ദനന്റെ നായകന്മാർ. ബാർക്കോഴയും കൽക്കരി കുംഭകോണവും ഒന്നും നടത്തി പരിചയമില്ലാത്ത ആ സാദാ കള്ളന്മാർ മോഷണശ്രമത്തിനിടയ്ക്ക് ഒരു അപകടത്തിൽ പെടുന്നു. തുടർന്ന്, അവർ എത്തിപ്പെടുന്നത് സമത്വ സുന്ദരമായ ഒരു സോഷ്യലിസ്റ്റ് കിനാശ്ശേരിയിലാണ്. സ്വകാര്യ സ്വത്തുക്കൾ ഇല്ലാത്ത ആ ദേശത്ത് ഭക്ഷണം, വെള്ളം, വസ്ത്രം, പാർപ്പിടം എന്നിവ സൗജന്യമാണ്. അടിമകളോ ഉടമകളോ ഇല്ലാത്ത സർവ്വരും സ്വതന്ത്രരും തുല്യരുമായ ‘നമ്മുടെ നാട്’ എന്ന ആ സ്വപ്‌നദേശം ദമനന്റേയും മദനന്റേയും ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് ഞാൻ നിന്നോടുകൂടെയുണ്ട് എന്ന ചിത്രത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനമായി മാറുന്നത്.

സമകാലിക പശ്ചാത്തലത്തിൽ ‘ഞാൻ നിന്നോടു കൂടെയുണ്ട്’ പറയുന്നത്
കളവ് നടത്തിയിട്ടും കാര്യമില്ലാത്ത ഒരു ദേശത്ത് കളവിന് ഇടമില്ലാതെ പോകുന്ന രണ്ട് കള്ളന്മാർ, വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന അവരുടെ നിലപാടുകൾ, ഇവയെല്ലാം കൃത്യമായി തിരക്കഥയിൽ വിന്യസിക്കാൻ പ്രദീപ് മണ്ടൂരിന് കഴിഞ്ഞിട്ടുണ്ട്. മുതലാളിത്തത്തേയും നാഗരികമായ കച്ചവടത്തിന്റെ വർത്തമാനത്തേയും പ്രതിനിധീകരിക്കുന്ന ദമനനും കമ്യൂണിസത്തിന്റെ ഉട്ട്യോപ്യൻ കിനാശ്ശേരിയുടെ (സ്വപ്‌നദേശത്തിലെ അംഗങ്ങളുടെ) വക്താവായ മദനനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി മാറുന്നു. കളവ് നടത്തിയിട്ടും കാര്യമില്ലാത്ത സങ്കൽപ്പനാട് ഒരർത്ഥത്തിൽ കേരളം തന്നെയാണ് ആര് കളവ് നടത്തിയാലും അനീതിയും അക്രമവും കൊടികുത്തിവാണാലും അവയെല്ലാം ന്യായീകരിക്കപ്പെടുന്ന ഒരു ഉട്ട്യോപ്യൻ ഭൂമികയായി കേരളം മാറിയിട്ടുണ്ട്. കളവും അനീതിയും അക്രമവും അല്ല ഇവിടെ അധാർമികത. ന്യായമായ സമരങ്ങളും പ്രതിഷേധങ്ങളുമാണ് ഇവിടെ കൊടിയ അപരാധം. നിൽപ്പ് സമരം ചെയ്യുന്നവർ അതുകൊണ്ടാണ് സി.പി.ഐ.എം.സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് അരാഷ്ട്രീയവാദികളാകുന്നത്, ഭരണപക്ഷത്തിന്റെ അഴിമതിക്കും ധനമന്ത്രിയുടെ കുംഭകോണത്തിനും എതിരെ സമരം ചെയ്ത എം.എൽ.എ.മാരുടെ ലിംഗം നോക്കി സ്ത്രീകളാണെങ്കിൽ അടങ്ങിയിരിക്കണം എന്ന് മുഖ്യമന്ത്രി തിട്ടൂരം ഇറക്കുന്നത്, സമരം ചെയ്യുമ്പോൾ എറിഞ്ഞുടക്കപ്പെട്ട കസേരയ്ക്കും മേശയ്ക്കും ദിവ്യത്വം കൽപ്പിക്കപ്പെടുകയും സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ അപ്രസക്തമാവുകയും ചെയ്യുന്നത്, ഇത്രയും സങ്കീർണമായ സാമൂഹ്യസാഹചര്യത്തിൽ കളവ് നടത്തിയിട്ടും കാര്യമില്ലാത്ത വെള്ളിത്തിരയിലെ നമ്മുടെ നാട് തന്നെയാണ് ശരിക്കും നമ്മുടെ നാട്. ഒന്നിനോടും പ്രതികരണമില്ലാത്ത, അധ്വാനത്തിന്റേയും, സംസ്‌കാരത്തിന്റേയും മൂല്യമറിയാത്ത ‘നമ്മുടെ നാട്ടിലെ’ ജനങ്ങൾ ശരിക്കും സംസ്‌കാര ശൂന്യരാണ് എന്ന ദമനന്റെ നിരീക്ഷണം വർത്തമാനകാലത്തെ കേരളത്തിന് ചേരുന്നതാണ്. സാമൂഹ്യമായ പൊതുബോധത്തോട് കലഹിക്കാൻ, ഒരു വിപ്ലവ ശ്രമമായി ലഹരികൾക്ക് കഴിയും എന്ന് തെളിയിക്കാൻ ദമനന്റെ കഥാപാത്രത്തിന് കഴിയുന്നു.

നിന്റെയൊക്കെ നേതാവ് ബോബ് മാർലി എവിടെ എന്ന് ചോദിച്ച് കഞ്ചാവ് വേട്ടയ്ക്കിറങ്ങി, കലാകാരന്മാരേയും വിദ്യാർത്ഥികളേയും വേട്ടയാടുന്ന കേരളാ പോലീസിനെതിരെയുള്ള ഒരു കറുത്ത ഹാസ്യത്തിന്റെ കൂരമ്പ് ദമനനിലൂടെ കടന്നുപോകുന്നുണ്ട്. മോഡി ഭാരതത്തിൽ ബീഫ് നിരോധിക്കപ്പെടുമ്പോൾ ആദ്യമായി ‘നമ്മുടെ നാട്ടുകാർക്ക്’ ദമനൻ മാംസാഹാരത്തിന്റെ രുചിപകർന്നു കൊടുക്കുന്നു. ചിത്രത്തിൽ യഥാക്രമം വ്യവസ്ഥാപിതമായ ശീലങ്ങളെ എതിർക്കുന്ന വിപ്ലവകാരിയായി ദമനനും വ്യവസ്ഥിതിയുടെ ഭാഗമായ വ്യക്തിയായി മദനനും രൂപാന്തരപ്പെടുന്നു. ദമനന്റെ കണ്ണിൽ മദനനും മദനന്റെ കണ്ണിൽ ദമനനും യാഥാസ്ഥിതികനും വില്ലനുമായി മാറുന്നു. പരസ്പ്പരം എതിർപ്പിലൂടെ മുന്നേറുമ്പോഴും ചൂഷണരഹിതമായ ചൂഷണങ്ങളോട് പ്രതികരിക്കുന്ന ഒരു സോഷ്യലിസ്റ്റ് ബോധവും സ്വപ്‌നവും ഇരുകൂട്ടരും പങ്കുവെച്ചിരുന്നു. ആശയപരമായ ഭിന്നതയാൽ അകന്നും അടുത്തും നിൽക്കുന്ന സി.പി.ഐ.(എം), സി.പി.ഐ.എന്നീ പാർട്ടികളോട് വേണമെങ്കിൽ മദനനെയും ദമനനേയും താരതമ്യപ്പെടുത്താം. പഴയ സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളുടെ വീറും വാശിയും ഇപ്പോൾ ഈ രണ്ടു പാർട്ടികൾക്കും ഇല്ലെങ്കിലും വാക്കു കൊണ്ടെങ്കിലും ഇവർ സോഷ്യലിസ്റ്റ് സ്വപ്‌നം പേറുന്നുണ്ട്. മുഴുവൻ ചീഞ്ഞു നാറിയ കോൺഗ്രസ്സ് എന്ന ആപ്പിളിനേക്കാൾ എന്തുകൊണ്ടും നല്ലത് വാക്കുകളിലെങ്കിലും സോഷ്യലിസ്റ്റ് സ്വപ്‌നം സൂക്ഷിക്കുന്ന ഇടതു പക്ഷമാണെന്ന് ഈ ചിത്രം പ്രഖ്യാപിക്കുന്നു.

സമകാലിക പശ്ചാത്തലത്തിൽ ‘ഞാൻ നിന്നോടു കൂടെയുണ്ട്’ പറയുന്നത്
നവസമരങ്ങളോട് ഐക്യപ്പെട്ടാൽ, സോഷ്യലിസം എന്ന ആശയത്തെ കുറിച്ച് സ്വപ്‌നം കണ്ടാൽ, മുടിനീട്ടിവളർത്തിയാൽ, കുളിക്കാതിരുന്നാൽ, സി.രാധാകൃഷ്ണന്റെ മുൻപേ പറക്കുന്ന പക്ഷികൾ വായിച്ചാൽ, ബോബ് മാർലിയുടെ സംഗീതം കേട്ടാൽ മാവോയിസ്റ്റുകളാകുന്ന കാലത്ത്, സോഷ്യലിസം എന്ന അപകടകരമായ സ്വപ്‌നം കണ്ട രണ്ട് കള്ളന്മാരെ ഭരണകൂടം തൂക്കിലേറ്റുക തന്നെ ചെയ്യും. ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകിയ പീലാത്തോസിനെപ്പോലെ ജഡ്ജിമാർ വിധിന്യായം പുറപ്പെടുവിച്ച തന്റെ പേന കുത്തിയൊടിക്കുകയും ചെയ്യും. ഇല്ലാത്ത തെളിവുകളുടെ പേരിൽ ജനകീയസമരങ്ങളിൽ സക്രിയമായി ഇടപെടുന്നവരെ മാവോയിസ്റ്റ് ആക്കുന്ന ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള പുച്ഛവും അമർഷവും ചിത്രത്തിന്റെ ക്ലൈമാക്‌സിലൂടെ സംവിധായകൻ പ്രകടിപ്പിക്കുന്നുണ്ട്. ദമനനേയും മനദനനേയും സ്വപ്‌നം കണ്ടതിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ തന്റെ പേന ഒടിച്ചുകളയുകയാണ്. നിലവിലുള്ള പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ അഫ്‌സൽഗുരുവിനെ തൂക്കിലേറ്റുകയും അനേകായിരങ്ങൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന ഭരണസംവിധാനങ്ങളോട് കലഹിക്കുകയാണ് ഈ രംഗത്തിലൂടെ പ്രിയനന്ദനൻ.സമകാലിക പശ്ചാത്തലത്തിൽ ‘ഞാൻ നിന്നോടു കൂടെയുണ്ട്’ പറയുന്നത്

റിയാലിറ്റിയും ഫാന്റസിയും ഇടകലർത്തിയുള്ള ആഖ്യാന ശൈലിയാണ് ഞാൻ നിന്നോടുകൂടെയുണ്ട് എന്ന ചിത്രത്തിൽ പ്രിയനന്ദനൻ സ്വീകരിച്ചിട്ടുള്ളത്. ഈ ശൈലിക്ക് ഇണങ്ങും വിധം ക്യാമറ കൈകാര്യം ചെയ്യാൻ ഷാൻ റഹ്മാന് കഴിഞ്ഞിട്ടുണ്ട്. കള്ളന്മാരുടെ രാത്രി സഞ്ചാരങ്ങളേയും നമ്മുടെ നാട് എന്ന സങ്കൽപ്പ ഭൂമിയേയും ഏറെ സ്വാഭാവികതയോടെ പകർത്തിവെക്കാൻ ഷാൻ റഹ്മാന് കഴിഞ്ഞിട്ടുണ്ട്. Beyond the Land of Hattamala and Scandal in Fairyland എന്ന ബാദൽ സർക്കാരിന്റെ നാടകത്തെ തീവ്രതയും രാഷ്ട്രീയമൂല്യങ്ങളും ചോർന്നുപോകാതെ സിനിമയിലേക്ക് പരാവർത്തനം ചെയ്യാൻ ഞാൻ നിന്നോടുകൂടെയുണ്ട് എന്ന ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഞാൻ നിന്നോടുകൂടെയുണ്ട് എന്നത് ഒരു രാഷ്ട്രീയപ്രഖ്യാപനമാണ്. അനീതിക്കെതിരെയുള്ള കലാപത്തിൽ, വരാനിരിക്കുന്ന വസന്തകാലത്തെ കുറിച്ചുള്ള സ്വപ്‌നത്തിൽ, നിങ്ങൾക്കൊപ്പം ഞാനുമുണ്ടാകുമെന്ന പ്രഖ്യാപനം. സഖാവേ, നിന്റേയും എന്റേയും സ്വപ്‌നങ്ങൾ നമ്മുടേതാകുന്ന കാലം തന്നെയാണ് വരാനിരിക്കുന്ന വസന്തകാലം. സ്വപ്‌നത്തിൽ നമ്മൾ അനീതിക്കെതിരെ കലാപം ചെയ്യുന്നെങ്കിൽ നമ്മൾ തീർച്ചയായും വിപ്ലവകാരികളാണ്. ഈ ലോകത്തെ ക്രിയാത്മകമായി മാറ്റിമറിച്ച ചിന്തകളെല്ലാം സ്വപ്‌നങ്ങളിൽ നിന്നാണ് പിറന്നിട്ടുള്ളത്. ഇക്കാരണത്താൽ സ്വപ്‌നങ്ങളെ വേട്ടയാടി തൂക്കിലേറ്റുന്ന ഭരണകൂടം നമുക്ക് പിറകെയുണ്ട്. സൂക്ഷിക്കുക! നിന്റെ സ്വപ്‌നങ്ങളിൽ ഐക്യപ്പെട്ട് ഞാൻ നിന്നോടുകൂടെയുണ്ടെന്ന സഖാക്കളുടെ പ്രഖ്യാപനത്തിനൊപ്പം ഞാനും നിന്നോടുകൂടെയുണ്ടെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇരയും വേട്ടക്കാരനും നന്മയും തിന്മയും സുഹൃത്തും ശത്രുവും വിപ്ലവവും പ്രതിവിപ്ലവവും എല്ലാം നിന്നോടുകൂടെയുണ്ട്. അല്ല, നിന്റെ കൂടെയുള്ളത് നീ തന്നെയാണ്. അനീതിക്കെതിരെ കലാപം ചെയ്ത് നീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക..